പാചക വാതക സിലിണ്ടര്‍ നിറച്ച ലോറി വീട്ടിലേക്ക് ഇടിച്ചുകയറി
1458336
Wednesday, October 2, 2024 6:33 AM IST
പാലാ: പാചക വാതക സിലിണ്ടര്‍ നിറച്ച ലോറി വീട്ടിലേക്ക് ഇടിച്ചുകയറി വീടിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. വീട്ടുകാര്‍ അപകടത്തിന് തൊട്ടുമുമ്പ് വീട്ടില്‍നിന്നു പുറത്തുപോയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉപ്പൂട്ടില്‍ ബിജോയിയുടെ വീടിന്റെ മുന്‍വശമാണ് തകര്‍ന്നത്. പാലാ പൊന്‍കുന്നം റോഡില്‍ വാഴേമഠത്തിനു സമീപം ഇന്നലെ രാവിലെ 6.15 ഓടെയാണ് സംഭവം.
വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ചു തകര്‍ത്ത് സമീപത്തുള്ള സ്വകാര്യവ്യക്തികളുടെ വീടിന്റെ ചുറ്റുമതിലും വൈദ്യുതി തൂണും തകര്‍ത്താണ് ലോറി നിന്നത്.
അപകടത്തില്‍ ലോറി ഡ്രൈവര്‍ ഉണ്ണിക്ക് നിസാര പരിക്കുണ്ടായി. പാലാ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ രണ്ട് കഷ്ണമായി തകര്‍ന്നു. മടുക്കാങ്കല്‍ ജനീഷിന്റെ ഗുഡ്സ് ഓട്ടോറിക്ഷയാണ് പൂര്‍ണമായി തകര്‍ന്നത്. വാഹനം വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
വരിക്കാനിക്കല്‍ നാരായണന്‍കുട്ടിയുടെ വീടിന്റെ ചുറ്റുമതിലും അപകടത്തില്‍ ഇടിഞ്ഞു. അമ്പലമുകളില്‍നിന്ന് പമ്പ ജ്യോതി ഗ്യാസ് ഏജന്സിലേയ്ക്ക് നിറച്ച പാചകവാതക സിലിണ്ടറുകളുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം പള്ളിക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. പാലാ പോലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു.