അതിരമ്പുഴ സഹകരണ ബാങ്ക് 20% ലാഭവിഹിതം പ്രഖ്യാപിച്ചു
1458370
Wednesday, October 2, 2024 6:56 AM IST
അതിരമ്പുഴ: അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് 20% ലാഭവിഹിതം നൽകും. ബാങ്ക് ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. 2023-24 വർഷം ബാങ്ക് 94.24 ലക്ഷം രൂപ ലാഭം നേടി.
ബാങ്ക് പ്രസിഡന്റ് ജോറോയ് പൊന്നാറ്റിൽ പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണവും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
വിവിധ വിഭാഗങ്ങളിൽ പത്താം ക്ലാസിലും 12-ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് / എ വൺ ഗ്രേഡ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കളായ വിദ്യാർഥികൾക്ക് ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ് ഹാജി ടി.എം. ഹസൻ റാവുത്തരുടെ സ്മരണാർഥമുള്ള കാഷ് അവാർഡുകൾ ഫ്രാൻസിസ് ജോർജ് എംപി, റവ.ഡോ. ജോസഫ് മുണ്ടകത്തിൽ എന്നിവർ സമ്മാനിച്ചു.
ബാങ്കിന്റെ ലാഭത്തിൽനിന്നുള്ള നിശ്ചിത വിഹിതം ഓരോ വർഷവും സമാഹരിച്ച് സ്ഥിരനിക്ഷേപം നടത്തി രൂപീകരിച്ച ചികിത്സാ ധനസഹായ ഫണ്ടിലൂടെയും സംസ്ഥാന സർക്കാർ രൂപീകരിച്ച അംഗ സമാശ്വാസ പദ്ധതിയിലൂടെയും അംഗങ്ങൾക്ക് 4.32 ലക്ഷം രൂപയുടെ സഹായം നൽകിയതായി പ്രസിഡന്റ് അറിയിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.പി. ദേവസ്യ, പി.വി. മൈക്കിൾ, ജോസ് അമ്പലക്കുളം, അഡ്വ. ജയ്സൺ ജോസഫ്, ജയിംസ് കുര്യൻ, തോമസ് ജോസഫ്, കെ.യു. ലിയാക്കത്ത്, മഹേഷ് രാജൻ, ആൻസ് വർഗീസ്, ലിസി ദേവസ്യാച്ചൻ, ഷൈമി മാത്യു, സെക്രട്ടറി എം.ഡി. കുഞ്ഞുമോൻ, അസി. സെക്രട്ടറി കെ.കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.