കെഎസ്ഇബി ഉപഭോക്തൃസംഗമം പരാതിപ്രളയത്തിൽ മുങ്ങി
1458770
Friday, October 4, 2024 3:45 AM IST
പാലാ: ജനങ്ങളും ജീവനക്കാരുമായി മെച്ചപ്പെട്ട സൗഹൃദം വളര്‍ത്തുന്നതിനും ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനുമായി വൈദ്യുതിവകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തില്‍ പരാതികളും നിര്‍ദേശങ്ങളുമായി നിരവധിപ്പേര്‍ പങ്കെടുത്തു.
കിഴതടിയൂര്‍ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. വൈദ്യുതിമുടക്കവും വോള്‍ട്ടേജ് ക്ഷാമവുമായിരുന്നു പ്രധാന പരാതികൾ. രണ്ടു മാസം കൂടുമ്പോള്‍ ഇത്തരം യോഗങ്ങള്‍ ചേരണമെന്നും മുന്യോഗത്തെ സംബന്ധിച്ചും ലഭിച്ച പരാതികളുടെ പരിഹാരങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിംഗ് വേണമെന്നും മാണി സി. കാപ്പന് എംഎല്‍എ ആവശ്യപ്പെട്ടു.
മലയോര മേഖലകളായ മേലുകാവ്, ഇലവീഴാപൂഞ്ചിറ പ്രദേശങ്ങളിലെ വൈദ്യുതിമുടക്കവും വോള്‍ട്ടേജ് ക്ഷാമവും ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കല്‍ക്കല്ലില്‍ നാളിതുവരെ വൈദ്യുതി എത്തിയിട്ടില്ലെന്ന വിഷയവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമുണ്ടാക്കണമെന്നും ആവശ്യമുയര്‍ന്നു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഈരാറ്റുപേട്ട, ഏഴാച്ചേരി, കിടങ്ങൂര്‍, കിഴപറയാര് പ്രദേശത്തെ പതിവായ വൈദുതി മുടക്കത്തെപ്പറ്റിയും വൈദ്യുതിബില്ലിന്റെ മറിമായങ്ങളെക്കുറിച്ചും പരാതിയുയർത്തി.
വൈദ്യുതലൈനിന്റെ ടച്ചിംഗ് വെട്ടുന്നതില്‍ അഴിമതിയുണ്ടെന്നു ചിലര്‍ ചൂണ്ടിക്കാട്ടി. പ്രകൃതിക്ഷോഭത്തില്‍ വലിയ നാശനഷ്ടമുണ്ടായ രാമപുരം പഞ്ചായത്തില്‍ അടിയന്തരമായി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനു ജീവനക്കാരുടെ അധ്വാനം അഭിനന്ദനാര്‍ഹമായിരുന്നെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് പറഞ്ഞു.
മാതൃഭാഷ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചെങ്കിലും വൈദ്യുതിവകുപ്പ് ഈ ഉത്തരവ് പാലിക്കുന്നില്ലെന്നും ജീവനക്കാരുടെ സമീപനം മെച്ചപ്പെടുത്തണമെന്നും യോഗത്തില്‍ പങ്കെടുത്ത ജോയി കളരിക്കല്‍ പറഞ്ഞു.
നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തേൽ, ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് മാളിയേക്കല്‍, അനസ്യ രാമന്, നഗരസഭാ കൗണ്‍സിലര്‍മാരായ ലീന സണ്ണി, ജോസ് എടേട്ട്, സാവിയോ കാവുകാട്ട്, വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എംഎൽഎയുടെ നിര്‍ദേശങ്ങള്‍
രണ്ടുമാസം കൂടുമ്പോള്‍ ഉപഭോക്തൃയോഗം വിളിച്ചുകൂട്ടണം. മുന്‍ യോഗത്തിന്റെ റിപ്പോര്‍ട്ടിംഗ് വേണം. എല്ലാ ഓഫീസുകളിലും ഫോണ്‍ അറ്റന്റു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാകണം, പരാതി രേഖപ്പെടുത്തണം, ഇരുമ്പുതോട്ടിയുടെ ഉപയോഗം ഒഴിവാക്കണം. ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ നല്ല സൗഹൃദമുണ്ടാകണം.