പാലാ സെന്റ് തോമസ് കോളജില്‍ ഗവേഷണ ജേർണല്‍ അവതരണം
1458772
Friday, October 4, 2024 3:45 AM IST
പാലാ: എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജില്‍ പുതുതായി ആരംഭിച്ച പബ്ലിക്കേഷന്‍ വിഭാഗത്തില്‍നിന്ന് ആദ്യമായി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര സാഹിത്യ ഗ്രന്ഥമായ ഗാര്‍സീനിയ ഇംബര്ട്ടിയുടെ പ്രകാശനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇന്നു രാവിലെ ഒന്‍പതിന് കോളജിലെ സെന്റ് ജോസഫ് ഹാളിൽ നിര്‍വഹിക്കും. കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍ പുസ്തകം ഏറ്റുവാങ്ങും.
കുടംപുളിയുടെ ജനുസില്‍പ്പെട്ട അപൂര്‍വ കാട്ടുമരവും പശ്ചിമഘട്ട മലനിരകളില്‍ വളരെ അപൂര്‍വമായി കാണപ്പെടുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ഗാര്‍സീനിയ ഇംബര്ട്ടിയെപ്പറ്റി സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗത്തിലെ അസി. പ്രഫസർ ഡോ. ആന്റോ മാത്യു നടത്തിയ ദീര്‍ഘകാല ഗവേഷണത്തിന്റെ ഫലമായി തയാറാക്കിയതാണ് ഈ ഗ്രന്ഥം. ആ ജനുസിനെപ്പറ്റി മലയാളത്തില്‍ എഴുതപ്പെടുന്ന ആദ്യ ഗ്രന്ഥം കൂടിയാണ് എന്ന പ്രത്യേകതയുമുണ്ട്.
ചങ്ങനാശേരി അതിരൂപത നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി എന്നിവരാണ് ഗ്രന്ഥത്തിന്റെ അവതാരിക കുറിച്ചത്. പുസ്തകപരിചയം ബോട്ടണി വിഭാഗം മേധാവിയും കണ്ട്രോള് ഓഫ് എക്സാമിനേഷന്‍സുമായ ഡോ. ടോജി തോമസ് നിര്‍വഹിക്കും.
സമ്മേളനത്തില്‍ കോളജില്‍നിന്നു പ്രസിദ്ധീകരിച്ചു തുടങ്ങുന്ന റിസര്‍ച്ച് ജേർണലിന്റെ പ്രഥമ ലക്കത്തിന്റെ പ്രകാശനവും ഓപ്പണ്‍ പ്ലാറ്റ്ഫോമില്‍ അപ്ലോഡിംഗും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ കെ. തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ പ്രസംഗിക്കും.