ഉദ്യാനനഗരിയായി കോഴാ കപ്പേള ജംഗ്ഷൻ
1459420
Monday, October 7, 2024 4:28 AM IST
കുറവിലങ്ങാട്: നാടിന് അനുഗ്രഹമഴ ചൊരിയുന്ന കോഴാ സെന്റ് ജോസഫ്സ് കപ്പേളയുടെ പരിസരമിപ്പോൾ കുറവിലങ്ങാടിന്റെ ഉദ്യാനനഗരിയാണ്. എംസി റോഡിന്റെ ഇരു വശങ്ങളിലായി ഹരിതശോഭ പകരുന്ന ചെടികളാകെ പൂക്കളുടെ വർണശോഭയിൽ കാഴ്ചക്കാരെ ആകർഷിക്കുന്നു. എംസി റോഡിന്റെയും കോഴാ - മണ്ണയ്ക്കനാട് റോഡിന്റെ വശങ്ങൾ പൂച്ചെടികളാൽ മനോഹരമാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മുൻ ഗ്രാമപഞ്ചായത്തംഗമായ ജോർജ് ജി. ചെന്നേലിൽ.
കാടുപിടിച്ചും മാലിന്യം നിറഞ്ഞും കിടന്നിരുന്നിടം വൃത്തിയാക്കി പൂച്ചെടികൾ നട്ടുവളർത്തി കോഴായെ അതീവ സുന്ദരിയാക്കിയിരിക്കുകയാണ് സമീപവാസിയായ ഇദ്ദേഹം. ജോർജിന്റെ പൂച്ചെടികളോടുള്ള താത്പര്യവും കഠിന പ്രയത്നവും മൂലം ഇവിടെ പൂന്തോട്ടസമാനമായി ചെടികൾ പൂത്തുലയാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ഏതു കാലാവസ്ഥയിലും ഇവിടെ പൂക്കളുടെ മനോഹാരിതയാണ്. ഏതാണ്ട് 250 മീറ്ററിലധികം നീളത്തിൽ വിവിധതരം ക്രോട്ടൺ ചെടികളും യൂജിനിയ, മൊസാന്ത, മഞ്ഞത്തഴ, മുല്ല, വാടാമുല്ല, കോളാന്പിച്ചെടി, ചെത്തി, ചെന്പരത്തി, വിവിധതരം ബന്തി തുടങ്ങി നൂറിലധികം പൂച്ചെടികൾ കുളിർമയേകും കാഴ്ചയാവുകയാണ്.
ജോർജിന്റെ വീടിന്റെ പരിസരത്തുള്ള പാതയോരവും പൂച്ചെടികളാൽ മനോഹരമാണ്. മറ്റുള്ളവർക്കുകൂടി പ്രചോദനമാവുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ഈ ഉദ്യാനത്തിന്റെ പരിപാലനത്തിനായി സ്വന്തം പോക്കറ്റിൽനിന്നാണ് ഇദ്ദേഹം തുക ചെലവഴിക്കുന്നത്.
എത്ര കടുത്ത വേനലായാലും ചെടികൾ നനച്ച് പരിപാലിക്കുന്നതിന് സ്വന്തം കിണറ്റിൽനിന്ന് എംസി റോഡിന് കുറുകെ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് വെള്ളം എത്തിക്കുന്നത്. ഇതിനായി മാത്രം നല്ലൊരു തുക ചെലവഴിച്ചിട്ടുണ്ട്.