വെച്ചൂരിൽ കെട്ടിനാട്ടി നെൽകൃഷി കതിരണിഞ്ഞു
1459609
Tuesday, October 8, 2024 3:03 AM IST
വെച്ചൂർ: വെച്ചൂരിൽ ആദ്യമായി കൃഷിചെയ്ത കെട്ടിനാട്ടി നെൽച്ചെടികൾ കതിരിടുന്നു. വളക്കൂട്ടിലും കളിക്കൂട്ടിലും കിളിർപ്പിക്കുന്ന ഞാറുകളുടെ പാളി പാടത്ത് കൃത്യമായ അകലത്തിൽ അടുക്കി കൃഷി ചെയ്യുന്നതിനാൽ വർധിച്ച വിളവു ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെച്ചൂർ മുന്നൂറ്റംപടവ് പാടത്ത് പനപ്പറമ്പിൽ രാജേഷാണ് വയനാട്ടിൽ കൃഷി ശാസ്ത്രജ്ഞൻ അജി തോമസ് വികസിപ്പിച്ച ഈ സമ്പൂർണ ജൈവ നെല്ല് കൊയ്യാനൊരുങ്ങുന്നത്.
ഇരുപത്തിയഞ്ചിനം പച്ചില തനത് രീതിയിൽ ചതച്ച് അഴുക്കിയെടുക്കുന്നത് കളിക്കൂട്ട്. മിശ്രിതം നിശ്ചിത ദിവസം പിന്നിടുമ്പോൾ അതിൽ നെൽവിത്ത് കുഴച്ച് ട്രേകളിൽ നിറച്ച് അഞ്ച് ദിവസം തണലിൽ ഉണക്കിയെടുക്കുന്നതിനിടയിൽ വിത്തുകൾ മുളയ്ക്കും. ഇങ്ങനെ മുളപ്പിച്ച ഞാറുകളുടെ പാളി പാടത്തിട്ടാണ് കെട്ടിനാട്ടി കൃഷിയുടെ വിതയിറക്കുന്നത്. 48 ദിവസത്തേക്കുള്ള വളം നിക്ഷേപിച്ചുള്ള ഞാറുകളുടെ പാളികളാണ് തയ്യാറാക്കി 14 ദിവസത്തിനകം പാടത്ത് നിരത്തി വിത പൂർത്തിയാക്കുന്നത്. വിത്ത് കിളികൊണ്ടു പോകില്ലെന്നു മാത്രമല്ല പറിച്ചു നടീലുമില്ല. വളം-കീടനാശിനി പ്രയോഗങ്ങളിലും കർഷകനു ലാഭമുണ്ടാകും.
35 ലിറ്റർ കളിക്കൂട്ടും 33 ലിറ്റർ വളക്കൂട്ടും അഞ്ച് കിലോ നെൽവിത്തും മതി ഒരേക്കർ പാടത്തു വിതയിറക്കാൻ. ഏക്കറിൽ മുപ്പതും നാൽപ്പതും കിലോ വിത്ത് നിലവിൽ വിതയ്ക്കേണ്ട സ്ഥിതിയുള്ളപ്പോഴാണിത്. സാധാരണ ഒരു ടൺ നെല്ല് കിട്ടുന്നിടത്ത് ഒന്നര ടൺ ജൈവനെല്ല് കിട്ടുമെന്നതാണ് കെട്ടിനാട്ടി കൃഷിയുടെ പ്രത്യേകതയായി പറയുന്നത്.
വെച്ചൂർ പശുവിന്റെ നാട്ടിൽ ഗുണമേറിയ വെച്ചൂർ പശുവിന്റെ ചാണകം കൂടി കൃഷിക്ക് പ്രയോജനമെടുത്തിയുള്ള പദ്ധതി തയ്യറാക്കി കെട്ടിനാട്ടി വ്യാപിപ്പിക്കുന്നതിനോടൊപ്പം കർഷകരെ ബോധവത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷിവകുപ്പ് അധികൃതർ. എന്നാൽ സമ്പൂർണ ജൈവ നെല്ലായതിനാൽ മാർക്കറ്റിൽ അധികവില ഉറപ്പാക്കിയാൽ മാത്രമേ കർഷകർക്ക് ഈ കൃഷി രീതിയിൽ സാമ്പത്തിക നേട്ടമുണ്ടാകുവെന്ന് കർഷകർ പറയുന്നു.