രാത്രികാല കടകളില്‍ മുറുക്കാന്‍-ബീഡി വില്പനയുടെ മറവിൽ ലഹരിയും
1460170
Thursday, October 10, 2024 6:25 AM IST
കോട്ടയം: രാത്രികാലങ്ങളില്‍ നഗരത്തിലെ ചില വഴിയോര ചായക്കടകള്‍ കേന്ദ്രീകരിച്ച് ലഹരി വ്യാപാരം വ്യാപകമായി. രാത്രി നല്ലരീതിയില്‍ നടക്കുന്ന കടകൾക്കും ലഹരിവില്പനക്കാർ ഭീഷണിയായി. രാത്രി ഏഴോടെ തുറക്കുന്ന ഇത്തരം കടകളില്‍ മുറുക്കാന്‍ മുതല്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വരെ വില്‍ക്കുന്നു. വിദ്യാര്‍ഥികളും മുതിര്‍ന്നവരുമൊക്കെ ആവശ്യക്കാരായതിനാല്‍ വില്പനയും തകൃതി. ചായയും പലഹാരങ്ങളും ലഹരി വില്പനക്കാര്ക്ക് കേവലം മറ മാത്രമാണ്.
കടയില്‍ ചായ കുടിക്കാനാളില്ലാത്ത സമയത്താണ് നൊടിയിടയിലുള്ള ലഹരി സാധനങ്ങളുടെ കൈമാറ്റം. കടയില്‍ ആളുണ്ടെങ്കില്‍ മാറ്റി നിര്‍ത്തിയും. ആവശ്യക്കാര്‍ പരിസരത്തെത്തുമ്പോഴെ കൈമാറാന്‍ പാകത്തിലാണ് കടകളിൽ മിക്കയിടത്തെയും ക്രമീകരണം.
വാഹനങ്ങളിലും പാത്രങ്ങളിലും ഒളിപ്പിച്ചാണ് ഇവ സൂക്ഷിക്കുന്നത്. രൊക്കം പണമിടപാടും നടക്കും. ലഹരി ഉപയോഗിച്ചവർ സംഘം ചേരുന്നതും സംഘർഷമുണ്ടാക്കുന്നതും പതിവാണ്.ചായയുടെയും പലഹാരത്തിന്റെയും മറവില്‍ ലഹരി വില്‍ക്കുന്നത് ഒട്ടേറെ കണ്ണികളുടെ വന്‍ മാഫിയായാണ്. ലഹരിസാധനങ്ങൾ എത്തിച്ചു നല്കുന്നവര് മുതല്‍ വില്പനക്കാര് വരെ ഉള്‍പ്പെട്ടതാണ് ഈ മാഫിയ.
ലഹരിയില്‍ കുരുങ്ങി ജീവിതം നശിപ്പിക്കുന്നതിലേറെയും വിദ്യാര്‍ഥികളാണ്. ഹോസ്റ്റലുകളില്‍നിന്ന് സംഘം ചേര്‍ന്നു ചായ കുടിക്കാനെന്ന വ്യാജേനെ പുറത്തിറങ്ങുന്ന ഇവര്‍ ചെന്നെത്തുന്നത് ലഹരി വില്പന കേന്ദ്രങ്ങളിലാണ്. മതിയായ നിയന്ത്രണങ്ങളില്ലാത്ത താമസിക്കുന്ന വിദ്യാര്‍ഥികളും തൊഴിലാളികളുമാണ് ഇത്തരം കടകളിലെ നിത്യസന്ദര്‍ശകർ.
രാത്രിയിലെ പോലീസ് പട്രോളിംഗ് കാര്യക്ഷമല്ലെന്നാണ് പൊതുവേയുള്ള പരാതി. ഒട്ടുമിക്ക റോഡുകളിലും ജംഗ്ഷനുകളിലും പോലീസ് സാന്നിധ്യമില്ല. വഴിവിളക്കുകളും ഇല്ല. ഈ സാഹചര്യം മുതലെടുത്ത് ലഹരിമാഫിയ രാത്രിയാത്രക്കാര്‍ക്കു സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണി ചില്ലറയല്ല. രാത്രി കടകളില്‍ പോലീസ്, എക്സൈസ് പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.