കടുത്തുരുത്തിയിൽ പാതിവില തട്ടിപ്പ്
1577145
Saturday, July 19, 2025 7:04 AM IST
കടുത്തുരുത്തി: പകുതി വിലയ്ക്ക് ഗൃഹാപകരണങ്ങള് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. തവണകളായി പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പണം നഷ്ടപെട്ട ആപ്പാഞ്ചിറ സ്വദേശി കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ കമ്പനിവിലയുടെ പകുതി തുക ഗഡുക്കളായി നല്കിയാല് മതിയെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സാധനങ്ങളുടെ വില അനുസരിച്ചുള്ള തുക നിശ്ചയിച്ചു ആദ്യഗഡുവായി നല്‍കുകയും പിന്നീട് 12 മാസത്തിനുള്ളില്‍ പല ഗഡുക്കളായി നല്‍കണമെന്നുമാണ് തട്ടിപ്പ് നടത്തിയാള്‍ അറിയിച്ചിരുന്നത്.
ഇതനുസരിച്ചു ടിവി, വാഷിംഗ് മെഷീന്, മോബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് ഇയാള്‍ പറഞ്ഞതനുസരിച്ചു മറ്റൊരാളുടെ ഗൂഗിള്‍ പേ നമ്പറിലേക്ക് തട്ടിപ്പിനിരയായവര്‍ പണമയച്ചു നല്‍കുകയായിരുന്നു.
16ന് ലോഡ് വരുമെന്നുമാണ് അറിയിച്ചിരുന്നത്. ഇയാള്‍ പറഞ്ഞതനുസരിച്ചു രാത്രി 11 മണി വരെ കാത്തിരുന്നിട്ടും സാധനങ്ങള്‍ കിട്ടാതിരുന്നതോടെ ഇവരുമായി ബന്ധപ്പെട്ട ഫോണുകളിലേക്ക് പണം നല്കിയവര് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തുടര്‍ന്ന് തട്ടിപ്പ് മനസിലാക്കി പണം നഷ്ടപ്പെട്ടയാള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ പരാതികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്.