പച്ചത്തുരുത്ത് അവാർഡ് തിളക്കത്തിൽ അരുവിത്തുറ കോളജും കിടങ്ങൂർ പഞ്ചായത്തും
1592695
Thursday, September 18, 2025 9:00 PM IST
അരുവിത്തുറ: ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തായി അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പച്ചത്തുരുത്ത് തെരഞ്ഞെടുക്കപ്പെട്ടു.
കാമ്പസിനുള്ളിലെ 25 സെന്റ് സ്ഥലത്താണ് ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പച്ചത്തുരുത്ത് തയാറാക്കിയത്. ഒരു കാലത്ത് ഈ പ്രദേശങ്ങളിലെ നിറസാന്നിധ്യമായിരുന്നതും ഇപ്പോൾ വംശനാശ ഭീഷണി നേടുന്നതുമായ അപൂർവ സസ്യങ്ങൾ ഉൾപ്പെടെ അന്പതി ൽപരം ഇനങ്ങളിലായി നൂറോളം സസ്യങ്ങളാണ് ഈ പച്ചത്തുരുത്ത് വനത്തിൽ ഉള്ളത്. ബോട്ടണി വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് വനത്തിന്റെ സംരക്ഷണവും പരിപാലനവും.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കോളജിന് പുരസ്കാരം ലഭ്യമാക്കിയ അധ്യാപകരെയും വിദ്യാർഥികളെയും കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാർ ആൻഡ് കോഴ്സ് കോ-ഓർഡിനേറ്റർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.
കിടങ്ങൂര്‍: മികച്ച പച്ചത്തുരുത്തിനുള്ള പുരസ്കാരം കിടങ്ങൂര്‍ പഞ്ചായത്തിലെ കാവാലിപ്പുഴ മുളന്തുരുത്തിന് ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോറില്നിന്നു കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ബിനു അവര്‍ഡ് എറ്റുവാങ്ങി. മുളന്തുരുത്ത് വിഭാഗത്തില്‍ മികച്ച അവതരണത്തിനും അനുമോദനം ലഭിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീനാ മാളിയേക്കല്‍, അംഗങ്ങളായ ഹേമ രാജു, സുനി അശോകന്, സെക്രട്ടറി എസ്.കെ. രാജീവ്, എന്‍ആര്‍ഇജി എ.ഇ. അരുണ്‍ മോഹന്‍, അനീഷ് തുടങ്ങിവര്‍ പങ്കെടുത്തു.
2023ലാണ് മീനിച്ചിലാറിന്റെ തീരത്ത് പഞ്ചായത്തിലെ 4, 5, 7, 9 വാര്‍ഡുകളില്‍ ലാത്തിമുളകള് നട്ടത്. സോഷ്യല്‍ ഫോറസ്ട്രിയില്നിന്നു ലഭിച്ച രണ്ടായിരം ലാത്തിമുളകളാണ് തൊഴിലുറപ്പ് വിഭാഗത്തിന്റെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ കാവിലിപ്പുഴയോരത്ത് നട്ടത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമനയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
പദ്ധതി നടത്തിപ്പിലൂടെ ആയിരത്തി അറുനൂറോളം തൊഴില്‍ദിനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിച്ചു. ലാത്തിമുളകള് പടര്‍ന്നു പന്തലിച്ചതോടെ മറ്റ് ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥ സൃഷ്ടിക്കാനും കഴിഞ്ഞു. മീനിച്ചിലാറിന്റെ തീരത്ത് മാലിന്യം നിറഞ്ഞ സ്ഥലം വൃത്തിയാക്കി മിനി പാര്‍ക്കും പഞ്ചായത്ത് നിര്‍മിച്ചിട്ടുണ്ട്.