ഇ​ടു​ക്കി​യി​ലെ ജ​ല​നി​ര​പ്പ് ജ​നു​വ​രി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ
Thursday, January 14, 2021 9:49 PM IST
തൊ​ടു​പു​ഴ:​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​ശേ​ഖ​രം ജ​നു​വ​രി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ.​ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ ക​ഐ​സ്ഇ​ബി ഡാം ​സേ​ഫ്ടി വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ചാ​ണി​ത്.​
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2386.58 അ​ടി​യാ​ണ്.​ഇ​തു സം​ഭ​ര​ണ​ശേ​ഷി​യു​ടെ 81 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ 6.5 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണ് കു​റ​ഞ്ഞ​ത്.2011-​ൽ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള സം​ഭ​ര​ണ​ശേ​ഷി​യെ​ക്കാ​ൾ കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​ത്.​അ​ന്ന് 2389.18 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.​ ഡി​സം​ബ​റി​ലും ജ​നു​വ​രി​യി​ലും ല​ഭി​ച്ച അ​പ്ര​തീ​ക്ഷി​ത മ​ഴ​യാ​ണ് ഇ​ത്ത​വ​ണ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കാ​ൻ കാ​ര​ണം. 2019-​ലും 2020-ലും ​ജ​നു​വ​രി​യി​ൽ 2378 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.​ മ​ഹാ​പ്ര​ള​യ​വും അ​ധി​ക മ​ഴ​യു​മു​ണ്ടാ​യ സീ​സ​ണാ​യി​ട്ടും 2018-ൽ ​ജ​ല​നി​ര​പ്പ് അ​ധി​വേ​ഗം താ​ഴ്ന്നി​രു​ന്നു.​
ഇ​ടു​ക്കി​യി​ലെ ജ​ന​റേ​റ്റ​റു​ക​ളു​ടെ ത​ക​രാ​ർ മൂ​ലം ഇ​വി​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും ജ​ല​നി​ര​പ്പ് കു​റ​യാ​തി​രു​ന്ന​തി​നു മ​റ്റൊ​രു കാ​ര​ണ​മാ​യി.​ ഈ മാ​സം പ്ര​തീ​ക്ഷി​ച്ച നീ​രൊ​ഴു​ക്കാ​യ 106 മി​ല്യ​ണ്‍ യൂ​ണി​റ്റ് 13 ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ പി​ന്നി​ട്ട് 139.588 മി​ല്യ​ണി​ലെ​ത്തി. കെഎസ്ഇ​ബി​യു​ടെ കീ​ഴി​ലു​ള്ള വ​ലി​യ​അ​ണ​ക്കെ​ട്ടു​ക​ളു​ള്ള ഗ്രൂ​പ്പ് ഒ​ന്നി​ൽ 83 ശ​ത​മാ​ന​വും ര​ണ്ടി​ൽ 70 ശ​ത​മാ​ന​വും മൂ​ന്നി​ൽ 56 ശ​ത​മാ​ന​വും ഉ​ൾ​പ്പെ​ടെ സം​ഭ​ര​ണി​ക​ളി​ലെ ആ​കെ ജ​ല​ശേ​ഖ​രം 82 ശ​ത​മാ​ന​മാ​ണ്.​
അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​ശേ​ഖ​രം ഭ​ദ്ര​മാ​യ നി​ല​യി​ലാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ വേ​ന​ലി​ൽ വൈ​ദ്യു​തി ക്ഷാ​മം ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വൈ​ദ്യു​തി വ​കു​പ്പ്.