തൊടുപുഴ: കോവിഡിനെതിരായ ദേശവ്യാപക പോരാട്ടത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്‍പതു കേന്ദ്രങ്ങളിൽ ഇന്നലെ പ്രാഥമിക ഘട്ടമെന്ന നിലയിൽ ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകി. ജില്ലാതല ഉദ്ഘാടനം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. ജില്ലാ ആശുപത്രി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ബിജു ആദ്യ വാക്സിൻ സ്വീകരിച്ചു. അഞ്ച് എംഎൽ ഡോസ് വാക്സിനാണ് കുത്തിവയ്ക്കുന്നത്.
പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ്, നഗരസഭാ കൗണ്‍സിലർമാരായ അഡ്വ. ജോസഫ് ജോണ്‍, ശ്രീലക്ഷ്മി സുധീപ്, ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. എൻ. പ്രിയ, ഡോ. കെ.പി. ശുഭ, ഡോ. എൻ. അന്പിളി, ആർസിഎച്ച് ഓഫീസർ ഡോ. സുരേഷ് വർഗീസ്, ജില്ലാ ആശുപത്രി ആർഎംഒ ഡോ. സി.ജെ. പ്രീതി, കോവിഡ് -19 നോഡൽ ഓഫീസർ ഡോ. രമേശ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഇടുക്കി മെഡിക്കൽ കോളജ്, തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സിഎച്ച്സി, രാജാക്കാട് സിഎച്ച്സി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സെന്റ് ജോണ്‍സ് ആശുപത്രി കട്ടപ്പന എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നടത്തിയത്.
മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ നടന്ന വാക്സിൻ വിതരണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ഇ.വി.ജോർജ് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ, ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ്മ പള്ളിക്കുന്നേൽ, ഡപ്യൂട്ടി ഡിഎംഒ ഡോ. സുരേഷ് വർഗീസ്, ഡോ. ജയജീന, ഡോ. ജിക്കു വി.ചന്ദ്രൻ, ഡോ. അത്തീക് ഒമർ, സിസ്റ്റർ മേരി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
ഇടുക്കി മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച വാക്സിൻ വിതരണ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ കെ.ജി. സത്യൻ അധ്യക്ഷത വഹിച്ചു. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുജിത് സുകുമാരൻ വിഷയാവതരണം നടത്തി. ഇടുക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ആദ്യ വാക്സിൻ കുത്തിവയ്പ് മെഡിക്കൽ കോളേജ് ആർഎംഒ ഡോ.എസ്. അരുണ്‍ സ്വീകരിച്ചു.
വാക്സിന്റെ രണ്ടാമത്തെ ഡോസ് ഇനി 28-ാം ദിവസമാണ് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ച അതേ രീതിയിൽതന്നെയാണ് രണ്ടാമത്തെ ഡോസും സ്വീകരിക്കേണ്ടത്.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനോയ് വർക്കി, ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് അംഗം നിമ്മി ജോർജ്, ആർഎംഒ ഡോ. എസ്. അരുണ്‍, വാഴത്തോപ്പ് പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. സിബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
പീരുമേട് താലൂക്കാശുപത്രിയിൽ നടന്ന കോവിഡ് വാക്സിൻ വിതരണോദ്ഘാടനം ഇ.എസ്. ബിജിമോൾ എംഎൽഎ വീഡിയോ കോണ്‍ഫറൻസിലൂടെ നിർവഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോണ്‍ ബോസ്കോ മുഖ്യ പ്രഭാഷണം നടത്തി.
നെടുങ്കണ്ടം: കോവിഡ് വാക്സിനേഷന്റെ ആദ്യഘട്ടം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നടന്നു. രാവിലെ 10.30-നാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വാക്സിനേഷൻ ആരംഭിച്ചത്. ഇന്നലെ 30 പേരാണ് കുത്തിവയ്പ്പിന് വിധേയരായത്. ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. വാക്സിനേഷന്റെ ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി എസ്. ബാബു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വെയ്റ്റിംഗ് ഏരിയ, വാക്സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്നുതരത്തിലുള്ള മുറികളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്. വാക്്സിനേഷന്‍ രജിസ്റ്റർ ചെയ്തവരെ സ്ക്രീനിംഗിനും സാനിറ്റൈസേഷനും വിധേയരാക്കിയതിനുശേഷം വെയിറ്റിംഗ് ഏരിയായിലേക്ക് കടത്തിവിട്ടു. ശരീര താപനിലയും പരിശോധിച്ചു.
തുടർന്ന് വാക്സിനേഷൻ ഓഫീസറുടെ മുന്നിൽ തിരിച്ചറിയൽ രേഖയുമായി എത്തുന്നവരെ പരിശോധിച്ച് ഉറപ്പുവരുത്തി വിവരങ്ങൾ പോർട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷമാണ് കുത്തിവയ്പ് നടത്തുന്നത്. പിന്നീട് ഇവരുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തുകയും ചെയ്യും.
കുത്തിവയ്പിനുശേഷം നിരീക്ഷണ മുറിയിലേക്ക് മാറ്റുന്നയാളെ അരമണിക്കൂർ നിരീക്ഷിക്കും. ഇതിനുശേഷമാണ് വീടുകളിലേക്ക് വിട്ടത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ 50 പേരാണ് വാക്സിനേഷനായി ആദ്യഘട്ടത്തിൽ രജിസ്റ്റർചെയ്തത്. ഇതിൽ 30 പേർക്കായിരുന്നു ഇന്നലെ വാക്സിനേഷൻ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് ആദ്യ വാക്സിൻ സ്വീകരിച്ചു. 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് ഇവർക്കുതന്നെ നൽകുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഇതിന് ഒരാഴ്ചയ്ക്കുശേഷമേ കോവിഡ് പ്രതിരോധശേഷി ശരീരത്തിൽ ഉണ്ടാകുകയുള്ളൂവെന്നും ഡോ. അനൂപ് അറിയിച്ചു.
രാജാക്കാട്: കൊറോണാ പ്രതിരോധ വാക്സിൻ കുത്തിവയ്പിന്റെ ഭാഗമായി മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ് നൽകി. ആദ്യഘട്ടത്തിൽ 50 പേർക്കാണ് ഇവിടെ കുത്തിവയ്പെടുത്തത്. സിഎച്ച്സി ഹാളിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനംചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ജോബിൻ ജോസ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി, വാർഡ് മെന്പർ പുഷ്പലത സോമൻ, ഹെൽത്ത് സൂപ്പർവൈസർ സാജു, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ സലാം, ഡെപ്യൂട്ടി ഡിഎംഒയും മാസ് മീഡിയ ഓഫീസറുമായ ജോസ് അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.
അടിമാലി: ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും കോവിഡ് വാക്സിനേഷൻ നടത്തി. എസ്. രാജേന്ദ്രൻ എംഎൽഎ വാക്സിൻ വിതരണ ചടങ്ങ് ഉദ്ഘാടനംചെയ്തു.
സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 40 ജീവനക്കാരാണ് വാക്സിൻ സ്വീകരിച്ചത്. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാരോണ്‍ ജോർജ് മാമനാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, തഹസീൽദാർ ജിജി എം. കുന്നപ്പള്ളി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഡോ. സെസി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് കുമാർ തുടങ്ങിയവർ വാക്സിൻ വിതരണ ചടങ്ങിന് എത്തിയിരുന്നു.