ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിനുശേഷം വാഴത്തോപ്പ്- വഞ്ചിക്കവലയിൽ പഴയ കെ എസ്ഇബി കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന റിസേർച്ച് ആൻഡ് ഡാം സേഫ്റ്റി ഓഫീസുകൾ കാലപ്പഴക്കംമൂലം ഉപയോഗക്ഷമമല്ലാത്തതും പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ളവയുമായിരുന്നു. വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ഓഫീസുകൾ ആധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറുന്നു. നാളെ രാവിലെ 10.30-ന് വൈദ്യുതി മന്ത്രി എം.എം. മണി റിസേർച്ച് ആൻഡ് ഡാം സുരക്ഷാകാര്യാലയം ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ലോകബാങ്ക് സഹായത്തോടെ സെൻട്രൽ വാട്ടർ കമ്മീഷന്റെയും സംസ്ഥാന സർക്കാരിന്റെയും മേൽനോട്ടത്തിൽ ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് (ഡ്രിപ്പ്) പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നരക്കോടി രൂപ ചെലവഴിച്ച് അത്യാധുനിക നിലവാരത്തിലുള്ള ഓഫീസ് മന്ദിരം, ഇൻസ്പെക്ഷൻ ബംഗ്ലാവ് (കൊലുന്പൻ ഹൗസ്), ഇൻസ്ട്രമെന്േറഷൻ കണ്ട്രോൾ റൂം രശ്മി ഫോർ ഡാംസ് എന്നിവയുടെ നിർമാണമാണ് പൂർത്തിയായിരിക്കുന്നത്.
സമ്മേളനത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
കെ എസ്ഇബി യുടെ അണക്കെട്ടുകളും ജലസംഭരണികളും എന്ന പുസ്തകത്തിന്റെ പ്രകാശനം റോഷി അഗസ്റ്റിൻ എംഎൽഎ നിർവഹിക്കും. ഡാം സേഫ്റ്റി ആൻഡ് ഡ്രിപ്പ് ചീഫ് എൻജിനീയർ എസ്. സുപ്രിയ റിപ്പോർട്ട് അവതരിപ്പിക്കും. ജനറേഷൻ -ഇലക്ട്രിക്കൽ ആൻഡ് എസ് സിഎം ഡയറക്ടർ ആർ.സുകു, കെ എസ്ഇബി ഡയറക്ടർ വി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ നിമ്മി ജയൻ, ടിന്റു സുഭാഷ്, ജനറേഷൻ-സിവിൽ ഡയറക്ടർ ബിബിൻ ജോസഫ്, റിസേർച്ച് ആൻഡ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ. പ്രീത എന്നിവർ പ്രസംഗിക്കുമെന്ന് ഡാം സേഫ്റ്റി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.എൻ സജീവ്കുമാർ, അസി.എഞ്ചിനീയർ ബി.മലൈരാജ്, അസി.എഞ്ചിനീയർ ടെജി സെബാസ്റ്റ്യൻ, സബ് എൻജിനീയർ ബി. ബബിത എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.