തൊടുപുഴ: മൈലക്കൊന്പ് മദർ ആന്‍ഡ് ചൈൽഡ് ഫൗണ്ടേഷൻ കുട്ടികളുടെ ലോകമാണ്.2000-ത്തിൽ ആരംഭിച്ച ഈ സെന്ററിൽ 176 പേരുണ്ട്. ഒന്നരമാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാർഥികൾ വരെയുണ്ട്.
ബിഎസ്സി നഴ്സിംഗ് പഠനത്തിനു ശേഷം ആതുര ശുശ്രൂഷാ രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ് അഞ്ജലി എസ്. കുമാർ, അലീന സ്കറിയ, പി.ആർ.അമിത, അലക്സ് ബിജു എന്നിവർ. പി.എം. വിപിൻ ഉയർന്ന മാർക്കോടെ എംകോം പാസായി. അനുഷ ജോസഫ്, അനുഷ വർഗീസ് എന്നിവർ വഴിത്തല ശാന്തിഗിരി കോളജിൽ എംഎസ് ഡബ്ല്യു പഠനത്തിലാണ്.
ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചാണ് പഠനം. ഓരോ വിദ്യാർഥിയെയും എത്ര ഉയരത്തിൽ എത്തിക്കാമോ അതിനുള്ള ചിട്ടയായ പരിശീലനമാണ് ഇവിടെ നടക്കുന്നത്. നിസ്വാർത്ഥ സേവനത്തിന്റെ അച്ചുതണ്ടിൽ ചലിക്കുന്ന ഈ സ്ഥാപനം അനന്ത സാധ്യതകളുടെ വാതിലുകൾ തുറന്നിടുന്പോൾ കുട്ടികളുടെ മനസിൽ പൂവിടുന്നത് നൂറുനൂറു സ്വപ്നങ്ങളാണ്.
ഏദൻ തോട്ടത്തിന്റെ പതിപ്പ്
മദർ ആന്‍ഡ് ചൈൽഡ് ഭക്ഷ്യവിഭവങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തിൽ സ്വയം പര്യാപ്തമാണ്. ആദിയിലെ ഏദൻ തോട്ടത്തിന്റെ മറ്റൊരു പതിപ്പാണിത്. ഒന്നരയേക്കർ സ്ഥലത്തെ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തിയത് അടുത്തിടെയാണ്. ജ്യോതിയിനം നെൽവിത്ത് നൽകിയത് നൂറുമേനി വിളവാണ്.
നെൽകൃഷി വിളവെടുത്തതോടെ ഇവിടെ വള്ളിപ്പയർ, കുറ്റിപ്പയർ, പടവലം, വെണ്ട, ചീര, വഴുതന, കോളിഫ്ളവർ എന്നിവയെല്ലാം കൃഷി ചെയ്തിരിക്കുകയാണ്. ശാസ്ത്രീയമായി ക്രമീകരിച്ചിരിക്കുന്ന പന്തലിൽ വിളഞ്ഞുകിടക്കുന്ന പടവലം കണ്ടാൽ ആരും നോക്കിനിന്നു പോകും.
ചേന, മരച്ചീനി തുടങ്ങിയ വിളകളും ഇവിടെ സമൃദ്ധമായി വിളയുന്നു. നാലായിരം കിലോയാണ് വിത്തുചേനയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. പച്ചക്കറി തോട്ടത്തിൽ തേനീച്ച കൃഷിയുമുണ്ട്. മിച്ചംവരുന്ന ഉത്പ്പന്നങ്ങൾ വിപണിയിൽ വിറ്റഴിക്കുകയാണ് ചെയ്യുന്നത്.
സുമനസുകളുടെ
കൃഷിയിടങ്ങളും
മദർ ആന്‍ഡ് ചൈൽഡിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്ന ജോഷി മാത്യു ഓടയ്ക്കലിന്റെ ഒന്നരയേക്കർ പുരയിടത്തിലെ കൃഷിക്കുപുറമെ സുമനസുകളായ ജോബി ഈറ്റയ്ക്കൽ പുത്തൻപുരയിൽ, റിൻസ് നീറനാൽ, ജോർജ് പേപ്പതിയിൽ, ഡിങ്കർ പാറക്കാട്ടേൽ, സുനിൽ വഴുതലക്കാട്ട്, മേരി പൗലോസ് തുറയ്ക്കൽ എന്നിവരുടെ കൃഷിയിടങ്ങളും മദർ ആന്‍ഡ് ചൈൽഡിനായി വിട്ടുനൽകിയിട്ടുണ്ട്.
ഇവിടെ മത്തൻ, കുന്പളം, വെള്ളരി, കുക്കുന്പർ, കൂർക്ക, മധുരക്കിഴങ്ങ്, വള്ളിപ്പയർ, കുറ്റിപ്പയർ, വഴുതന, കാച്ചിൽ, മരച്ചീനി, പപ്പായ എന്നിവയെല്ലാമാണ് കൃഷി ചെയ്തിരിക്കുന്നത്. കൃഷി വകുപ്പ് നിർദേശിക്കുന്ന വളങ്ങളാണ് ചെടികൾക്ക് നൽകുന്നത്.
എല്ലാദിവസവും കൃഷിയിടം നനയ്ക്കും. ജോഷി ഓടയ്ക്കലിന്റെ നേതൃത്വത്തിൽ ഉമ്മച്ചൻ, ജോസഫ്, ബിജു ജോസഫ്, ടൈറ്റസ് പോൾ എന്നിവരാണ് പ്രഭാതം മുതൽ പ്രദോഷം വരെ കഠിനാധ്വാനത്തിലൂടെ ഈ മണ്ണിൽ പൊന്നുവിളയിക്കുന്നത്.
വിശ്രമസമയങ്ങളിൽ കുട്ടികളും കൃഷിചെയ്യാനും നനയ്ക്കാനുമെല്ലാം ഇവരോടൊപ്പമുണ്ടാകും. കുമാരമംഗലം കൃഷി ഓഫീസർ പി.ഐ.റഷീദയും അസി.കൃഷി ഓഫീസർ ദീപ ദാമോദരനും എല്ലാ പ്രോത്സാഹനവും പിന്തുണയുമായി ഒപ്പമുണ്ട്.
മാതൃകയായി സഹോദര
സ്ഥാപനങ്ങളും
മദർ ആന്‍ഡ് ചൈൽഡിന്റെ സഹോദര സ്ഥാപനമായ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ ടോമി ഓടയ്ക്കലിന്റെ നേതൃത്വത്തിൽ 236 ഓളം ആകാശപറവകളാണ് ആശ്രയവും അഭയവും കണ്ടെത്തിയിരിക്കുന്നത്.
ഫാ.ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ദിവ്യം പാലിയേറ്റീവിൽ 200-ഓളം പേർക്ക് പാലിയേറ്റീവ് പരിചരണം നൽകിവരുന്നു. ലഹരിക്കടിമകളായവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്ന പ്രത്യാശ ഭവന് ചുക്കാൻ പിടിക്കുന്നത് പ്രിൻസ് അഗസ്റ്റിനാണ്.
ഒരുമാസത്തെ പരിശീലന പരിപാടിയിലൂടെ അനേകരെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രത്യാശാ ഭവനു കഴിഞ്ഞപ്പോൾ ആഹ്ലാദം അലതല്ലിയത് നിരവധി കുടുംബങ്ങളിലാണ്.
തോമസ് മൈലാടൂർ,ഏലിയാമ്മ മാത്യു-രക്ഷാധികാരികൾ,ഡോ.പി.സി.ജോർജ്-പ്രസിഡന്റ്, ജോഷി മാത്യു ഓടയക്കൽ -ജനറൽ സെക്രട്ടറി, സ്നേഹ ജോഷി-അഡ്മിനിസ്ട്രേറ്റർ, ടി.സി.ജോസഫ്-എംഡി എന്നിവരുടെ നേതൃത്വത്തിലാണ് മദർ ആന്റ് ചൈൽഡിന്റെ കർമപദ്ധതികൾക്ക് രൂപവും ഭാവവും നൽകി വരുന്നത്.