കട്ടപ്പന: ജില്ലയിലെ ഭൂസമരം വീണ്ടും ശക്തമാകുന്നു. ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സമരം സംഘടിപ്പിക്കാൻ ഇന്നലെ കട്ടപ്പന വ്യാപാര ഭവനിൽ ചേർന്ന സാമൂഹ്യ-സാംസ്കാരിക - മത സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി, ഹൈറേഞ്ച് സംരക്ഷണ സമിതി, അതിജീവന പോരാട്ട വേദി, എൻഎസ്എസ്, എസ്എൻഡിപി, കെസിബിസി, ജമാ അത്ത് കമ്മിറ്റി, വണ്‍ ഇന്ത്യ വണ്‍ പെൻഷൻ മൂവ്മെന്റ്, ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ, കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ, നീതിസേന, മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
ജൂണ്‍ മുപ്പതിന് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കട്ടപ്പനയിൽനിന്നും ജില്ലാ ആസ്ഥാനത്തേക്ക് ലോംഗ് മാർച്ച് നടത്താനും അതിനു മുന്നോടിയായി ജില്ലയിലെ പ്രധാന പത്തു കേന്ദ്രങ്ങളിൽ സമരപ്രഖ്യാപന കണ്‍വൻഷനുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജൂണ്‍ 30നു മുന്‍പായി 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി നിർമാണങ്ങൾക്കുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും അവ്യക്തതകൾ നീക്കി പട്ടയ നടപടികൾ ത്വരിതപ്പെടുത്തണമെന്നും വന്യമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ, ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ആർ. മണിക്കുട്ടൻ, പി. രാജൻ, സി.എസ്. റസാഖ് ചുരവേലിൽ, സണ്ണി പൈന്പിള്ളിൽ, കെ.ആർ. വിനോദ്, കെ.എസ്. ശശി, റോയി തുണ്ടിയിൽ, ബിജീഷ് തോമസ്, ബബിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.