ആരക്കുഴ: സമഗ്രവികസനത്തിന് പ്രായഭേദമെന്യേ സഭാമക്കൾ ഒരുമിച്ചുനിന്ന് സമുദായത്തെ ശക്തിപ്പെടുത്തണമെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. ക്രൈസ്തവ വിശ്വാസികൾ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ചൈതന്യത്തോടെ തുടർന്നും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദൈവാലയത്തിൽ നടന്ന കോതമംഗലം രൂപതാദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മുഖമായി സഭ മാറണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. സഭ പുറത്തുനിന്നും അകത്തുനിന്നും പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ മുന്നോട്ടുപോകാൻ പരിശുദ്ധ മാതാവിന്റെയും ശ്ലീഹന്മാരുടെയും പ്രാർഥന ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.
ബഫർ സോണ്‍ വിഷയത്തിൽ കർഷകർക്ക് പരിപൂർണ പിന്തുണ ഉറപ്പുനൽകിക്കൊണ്ടുള്ള പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു.
ജനാധിപത്യരീതിയിൽ പ്രശ്നം പരിഹരിക്കണമെന്നും അതിനായി സർക്കാർ നിയമ നിർമാണം എത്രയുംവേഗം നടത്തണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
ചടങ്ങിനു മുന്നോടിയായി രൂപതയിലെ മുഴുവൻ വൈദികരും പങ്കെടുത്ത സമൂഹബലിയുടെ സമാപനത്തിൽ രൂപതയിലെ കുടുംബവർഷത്തിന്റെ സമാപനവും കേരള സഭ നവീകരണ കാലഘട്ടത്തിന്റെ ഉദ്ഘാടനവും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.
കുർബാന മധ്യേ രൂപതാ വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കീരംപാറ സന്ദേശം നൽകി. ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് റവ. ഫാ. ജോണ്‍ മുണ്ടയ്ക്കൽ സ്വാഗതം പറഞ്ഞു. രൂപതയിലെ മുഴുവൻ വൈദികർ, സിസ്റ്റേഴ്സ്, വിവിധ സംഘടനാ പ്രതിനിധികൾ, വിശ്വാസികൾ തുടങ്ങി രണ്ടായിരത്തിലേറെപേർ പങ്കെടുത്തു.
ചടങ്ങിൽ സഭയ്ക്കും സമുദായത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ രൂപതയുടെ പുരസ്കാരം നൽകി ആദരിച്ചു. ഫാ. പോൾ പാറത്താഴം, സിസ്റ്റർ ജോവിയറ്റ് എഫ്സിസി, മാത്തപ്പൻ നെടുംതടത്തിൽ (ലൗ ഹോം), അരുണ്‍ ജോസ് പുത്തൻപുരയ്ക്കൽ എന്നിവർക്കാണ് പുരസ്കാരം നൽകിയത്.
ദീപിക നമ്മുടെഭാഷ പദ്ധതിയുടെ ആരക്കുഴ മേഖലാതല ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.
പരിപാടികൾക്ക് വികാരി ജനറാൾമാരായ മോണ്‍. ഫ്രാൻസിസ് കീരംപാറ, മോണ്‍. പയസ് മലേക്കണ്ടത്തിൽ, പ്രൊക്യുറേറ്റർ ഫാ. ജോസ് പുൽപ്പറന്പിൽ, ചാൻസിലർ ഫാ. ജോസ് കുളത്തൂർ, ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് റവ. ഫാ. ജോണ്‍ മുണ്ടയ്ക്കൽ, സഹവികാരി ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, ആരക്കുഴ സിഎംസി-എംഎസ്ജെ സിസ്റ്റേഴ്സ്, കൈക്കാരന്മാരായ ഐപ്പച്ചൻ തടിക്കാട്ട്, ജെയിംസ് തെക്കേൽ, ഡാന്റി നടുവിലേടത്ത്, കമ്മിറ്റി കണ്‍വീനർമാരായ ഷിന്റോ മാതേയ്ക്കൽ, ജോർജുകുട്ടി അറയ്ക്കൽ, ഷൈൻ പുൽപ്പറന്പിൽ, ബിജു കുന്നേൽ, ബിജു മൈലാടൂർ, മാത്യു കുരീക്കവെന്പിള്ളിൽ, അൻവിൻ ജോസ്, ലിയോ കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.
ബഫർ സോൺ നീക്കത്തെ
അപലപിച്ച് പ്രമേയം
സംരക്ഷിതവനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കാനുള്ള അധികാരികളുടെ നീക്കത്തെ പ്രമേയത്തിലൂടെ കോതമംഗലം രൂപതദിന സമ്മേളനം ശക്തമായി അപലപിച്ചു. കർഷകരെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തെ എന്തു വിലകൊടുത്തും പ്രതിരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സമ്മേളനം, കർഷകരാണ് ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷകർ എന്ന വസ്തുത എല്ലാവരെയും ഒരിക്കൽകൂടി ഓർമിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.
തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന ആശങ്കയെ രൂപത അതീവ ഗൗരവത്തോടെ കാണുന്നു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കുട്ടന്പുഴ, കീരംപറ പഞ്ചായത്തുകളിലെ ജനവാസ മേഖലയെ ബഫർ സോണായി പ്രഖ്യാപിക്കാനുള്ള നടപടികളിൽനിന്നു ബന്ധപ്പെട്ട അധികാരികൾ പിന്മാറണം. ഇതിനാവശ്യമായ നിയമനിർമാണം എത്രയും വേഗം നിയമസഭയിൽ പാസാക്കണമെന്ന് മുഴുവൻ നിയമസഭാ സാമാജികരോടും സമ്മേളനം അഭ്യർഥിച്ചു.