തൊടുപുഴ: ജില്ലയിലെ ഭക്ഷ്യവിതരണ ശാലകളിൽ പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നുണ്ടോയെന്നറിയാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങിയത്.
നാലു ദിവസമായി 58 സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴകിയ എണ്ണ വീണ്ടും ഉപയോഗിച്ച രണ്ട് സ്ഥാപനങ്ങൾക്ക് പതിനായിരം രൂപ വീതം പിഴ ചുമത്തി. മൂന്ന് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെൻറ് നോട്ടീസ് നൽകി. എട്ട് സാന്പിളുകൾ കൂടുതൽ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ജില്ലയിൽ നടപ്പാക്കുന്ന റൂക്കോ (റീ പർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ) പദ്ധതിയുടെ ഭാഗമായാണ് പരിശോധന.
ബേക്കറി, ബോർമ, ഹോട്ടൽ , തട്ടുകടകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ ഭക്ഷ്യ എണ്ണ വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഉപയോഗിച്ച എണ്ണ പല തവണ ചൂടാക്കി ഉപയോഗിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കിയത്. വീണ്ടും ഉപയോഗിക്കാൻ സാധിക്കാത്ത എണ്ണ കേറ്ററിംഗ് യൂണിറ്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. ജില്ലയിൽ ട്രൈക്കോയുടെ നേതൃത്വത്തിലാണ് യൂസ്ഡ് എണ്ണകൾ ശേഖരിക്കുന്നത്. ഈ പദ്ധതി പ്രകാരം സ്ഥാപനങ്ങളിൽ നിന്ന് ഒരു നിശ്ചിത തുക നൽകി പുനരുപയോഗ യോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുകയും അത് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുമായി കരാറിൽ ഏർപ്പെട്ടിട്ടുളള ബയോഡീസൽ കന്പനികൾക്ക് നൽകുകയുമാണ് ചെയ്യുന്നത്.
പുനരുപയോഗ യോഗ്യമല്ലാതെ പുറം തള്ളിയ എണ്ണയുടെ കണക്ക് രേഖപ്പെടുത്തിയ രജിസ്റ്ററും, എണ്ണ ശേഖരിക്കുന്ന ഏജൻസിയെ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കണമെന്നും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തൊടുപുഴ, അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട് എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരായ എം.എൻ ഷംസിയ, ബൈജു പി.ജോസഫ്, ആൻമേരി ജോണ്സണ്, എസ്.പ്രശാന്ത് എന്നിവർ പങ്കെടുത്തു.
പഴകിയ എണ്ണ ഉപയോഗിച്ചാൽ പിടി വീഴും
പഴകിയ എണ്ണ ഉപയോഗിച്ചാൽ കൈയോടെ പിടികൂടുന്നതിനായി സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധിക്കാനുള്ള സംവിധാനം ജില്ലയിലും ഏർപ്പെടുത്തും. ഇതിനായി ടിപിസി എന്ന ഉപകരണം ജില്ലയിലെ ഭക്ഷ്യ സുരക്ഷ സർക്കിളുകൾക്ക് ഉടൻ വിതരണം ചെയ്യും. സ്ഥാപനത്തിൽ പരിശോധനക്കെത്തുന്പോൾ അവിടെ ഉപയോഗിച്ചുവരുന്ന എണ്ണയിൽ ഈ ഉപകരണം മുക്കി വയ്ക്കുന്പോൾ റീഡിംഗ് രേഖപ്പെടുത്തും. എണ്ണയുടെ ഗുണനിലവാരം റീഡിംഗിലൂടെ കണ്ടെത്താൻ കഴിയും . പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നതിനായി എണ്ണ പല തവണ ചൂടാക്കി ഉപയോഗിക്കുന്നത് അർബുദങ്ങൾ പോലെയുള്ള രോഗങ്ങൾക്ക് കാരണമാകും. പുനരുപയോഗം നടത്താതെ ഇത്തരത്തിൽ സ്ഥാപനങ്ങളിൽ നിന്നും ഒഴിവാക്കുന്ന ഭക്ഷ്യ എണ്ണ ഭക്ഷ്യ ഇതര ഉപയോഗത്തിന് എന്ന് ധരിപ്പിച്ച് വാങ്ങുന്നവർവഴി വീണ്ടും ഭക്ഷ്യ യൂണിറ്റുകളിൽ എത്തുന്നതായി ഭക്ഷ്യ സുരക്ഷാ അഥോറിട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ കടുപ്പിച്ചത്. ഇത്തരത്തിലുള്ള എണ്ണയുടെ കൈമാറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു.