തേവാരംമെട്ടിൽ എക്സൈസ് ഔട്ട്പോസ്റ്റ് പ്രവർത്തനം തുടങ്ങി
1223918
Friday, September 23, 2022 10:14 PM IST
നെടുങ്കണ്ടം: ജില്ലയിലെ സമാന്തര പാതകള്‍ വഴിയുള്ള ലഹരികടത്തിന് തടയിടാന്‍ എക്സൈസ് വകുപ്പ് പദ്ധതികള്‍ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി അതിര്‍ത്തി മേഖലയായ തേവാരംമെട്ടില്‍ എക്സൈസിന്റെ ഔട്ട്പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
തേവാരംമെട്ടില്നിന്നു തമിഴ്നാട്ടിലെ തേവാരത്ത് എത്തുന്ന പാത സജീവമായിരുന്ന കാലത്ത് തേവാരംമെട്ടില്‍ എക്സൈസ് ചെക്കുപോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഈ റോഡ് തമിഴ്നാട് അടച്ചതോടെ ചെക്കുപോസ്റ്റിന്റെ പ്രവര്‍ത്തനവും അവസാനിച്ചു.
എന്നാല്‍, നിലവില്‍ മേഖലയിലൂടെ കാല്‍നടയായും മറ്റും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ വ്യാപകമായി കടത്തുന്നുണ്ട്. ഇതിനു തടയിടുന്നതിനായാണ് എക്സൈസിന്റെ താത്കാലിക ഔട്ട് പോസ്റ്റ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കാനാണ് എക്സൈസിന്റെ തീരുമാനം. ഔട്ട് പോസ്റ്റില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. പ്രദേശവാസികള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ താത്കാലിക ഷെഡിലാണ് ഔട്ട് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഡി. ജയകുമാര്‍, പാറത്തോട് വില്ലേജ് ഓഫീസര്‍ പ്രദീപ്, ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ രാജേഷ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആർ. ജയരാജ്, ഉടുമ്പഞ്ചോല റേഞ്ച് ഇന്‍സ്പെക്ടര്‍ വി.പി. മനുപ് എന്നിവര്‍ പങ്കെടുത്തു.
ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസിനാണ് ഔട്ട്പോസ്റ്റിന്റെ ചുമതല.