മുട്ടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
1224918
Monday, September 26, 2022 10:28 PM IST
മുട്ടം: വാഹനങ്ങൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15-ഓടെ മുട്ടം-മൂലമറ്റം റൂട്ടിൽ മുട്ടം സബ് സ്റ്റേഷനു സമീപമായിരുന്നു അപകടം. മൂലമറ്റം ഭാഗത്തുനിന്ന് മുട്ടത്തേക്കു വന്ന സ്വകാര്യ ബസും എതിർ ദിശയിൽ നിന്നു വന്ന ഇന്നോവ കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്കു തെന്നിനീങ്ങിയ കാർ ഇതുവഴി വന്ന സ്കൂട്ടറിലിടിച്ച ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരനായ കോളപ്ര സ്വദേശി നെല്ലംകുഴിയിൽ വർഗീസ് സമീപത്തെ പുരയിടത്തിലേക്കു വീണു പരിക്കേറ്റു. ഇദ്ദേഹത്തിനു പുറമെ കാർ ഓടിച്ചിരുന്ന മുട്ടം പച്ചിലാംകുന്ന് മ്ലാക്കുഴിയിൽ സെബി, നാലു ബസ് യാത്രക്കാർ എന്നിവർക്കും പരിക്കേറ്റു. ഈ സമയം ഇതു വഴി വന്ന തൊടുപുഴ തഹസീൽദാർ അനിൽകുമാറും സംഘവും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുട്ടം എസ്ഐ പി.കെ.ഷാജഹാൻ, എസ്സിപിഒ പ്രദീപ്, സിപിഒ ലിജു എന്നിവരുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.