കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
1226024
Thursday, September 29, 2022 10:49 PM IST
അടിമാലി: കുടുംബാംഗ സർട്ടിഫിക്കറ്റ് നൽകുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫീസർ തിരുവനന്തപുരം പ്രാവച്ചന്പലം ശോഭ നിവാസിൽ കെ.ആർ. പ്രമോദ് കുമാറി(50)നെ ഇടുക്കി വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. സർട്ടിഫിക്കറ്റ് ആവശ്യത്തിന് അപേക്ഷ നൽകിയ കാക്കാസിറ്റി കണിച്ചാട്ട് നിസാറിൽനിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ നിരത്തി വൈകിപ്പിച്ചു. തുടർന്ന് ഓഫീസറുമായി അടുപ്പമുള്ള ഏജന്റുമായി ബന്ധപ്പെട്ടു ധാരണയിലെത്തി. ഇതോടെ ബുധനാഴ്ച വില്ലേജ് ഓഫീസിൽ എത്തി ഓഫീസറുമായി സംസാരിച്ചു. 3,000 രൂപയാണ് ആവശ്യപ്പെട്ടത്. അഡ്വാൻസായി 500 രൂപ നൽകി. ശേഷിക്കുന്ന തുക ഇന്നലെ രാവിലെ നൽകാമെന്നറിയിച്ചു മടങ്ങിയ നിസാർ വിജിലൻസ് വിഭാഗത്തെ വിവരമറിയിച്ചു. അവർ നൽകിയ 2,500 രൂപ ഓഫീസർക്ക് നൽകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒമാരായ ടിഫൻ തോമസ്, മഹേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നു മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.