ഗർഭഛിദ്രത്തിന് അനുമതി നൽകിയത് പ്രതിഷേധാർഹം: പ്രോലൈഫ് സമിതി
1226352
Friday, September 30, 2022 11:08 PM IST
തൊടുപുഴ: ആറുമാസം വരെ പ്രായമായ ശിശുവിനെ ഗർഭഛിദ്രം ചെയ്യാമെന്ന സുപ്രീംകോടതി വിധി പ്രതിഷേധാർഹമാണെന്ന് കെസിബിസി പ്രോലൈഫ് സമിതി കോതമംഗലം രൂപത സമിതി പ്രസ്താവിച്ചു. നായ്ക്കളെ കൊല്ലാൻ അനുവാദമില്ലാത്ത നാട്ടിൽ ഗർഭസ്ഥശിശുവിനെ കൊല്ലാൻ അനുമതി നൽകുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്.
ജനിച്ചുവീഴുന്ന കുഞ്ഞിനെ നിരത്തിൽ ഉപേക്ഷിക്കുന്നതും കുട്ടികളെ മർദിക്കുന്നത് കുറ്റകരവുമാണെന്നിരിക്കെ ജനിക്കാനും ജീവിക്കാനും അവകാശമുള്ള കുഞ്ഞുങ്ങളെ കൊലചെയ്യാൻ വിട്ടുകൊടുക്കാനുള്ള വിധി പുനഃപരിശോധിക്കാൻ തയാറാകണം.
രൂപത പ്രസിഡന്റ് ജോയ്സ് മുക്കുടം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ, സെക്രട്ടറി എൽദോസ് ജോസ്, ജോബി സെബാസ്റ്റ്യൻ, ബിന്ദു വള്ളമറ്റം, മോളി ജോർജ്, ടോമി ഓടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.