വാഴക്കുല മോഷണം പതിവാകുന്നു
1226558
Saturday, October 1, 2022 10:49 PM IST
കട്ടപ്പന: ഹൈറേഞ്ചിൽ വീണ്ടും വാഴക്കുല മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ പാകമായ ഏത്തക്കുലകൾ അപഹരിച്ചു. ഏത്തവാഴയ്ക്ക് വില കൂടിയതോടെയാണ് മോഷണവും വ്യാപകമായിരിക്കുന്നത്.
കട്ടപ്പന ഓസാനാം ബൈപ്പാസ് റോഡിൽ സ്ഥലം പാട്ടത്തിനെടുത്ത് ഏത്തവാഴ കൃഷി നടത്തുന്ന അറയ്ക്കൽ തങ്കച്ചന്റെ പറമ്പിൽനിന്നാണ് കഴിഞ്ഞ രാത്രിയിൽ പാകമായ ഏത്തവാഴക്കുലകൾ മോഷണം പോയത്. 20 കിലോയോളം തൂക്കമുള്ള നാല് ഏത്തക്കുലകളാണ് മോഷണം പോയത്.
ഏതാനും ദിവസം മുന്പ് സമാനരീതിയിൽ വാഴവരയിൽ നടന്ന മോഷണത്തിൽ യുവാക്കൾ പോലീസിന്റെ പിടിയിലായിരുന്നു.