കാഴ്ചക്കുറവിൽ കലികയറിയ കടുവ!
1227527
Wednesday, October 5, 2022 10:36 PM IST
മൂന്നാര്‍: പ്രായാധിക്യവും കാഴ്ചക്കുറവും തളര്‍ത്തിയതാണ് കടുവ ജനവാസ മേഖലയിലിറങ്ങി കെട്ടിയിട്ടിരിക്കുന്ന വളർത്തുമൃഗങ്ങളെ കൊല്ലാൻ കാരണമെന്നു നിഗമനം. ഇരയെ ഓടിച്ചിട്ടു വേട്ടയാടാൻ ശേഷിയില്ലാത്ത മൃഗങ്ങൾ നാട്ടിലിറങ്ങി ഇരതേടുന്നതു കൂടിവരികയാണ്. ചൊവ്വാഴ്ച രാത്രിയിൽ നയമക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട കടുവയ്ക്കു കാഴ്ചശക്തി കുറവുണ്ട്. ഇടത്തെ കണ്ണിനു തിമിരം ബാധിച്ചു പൂർണമായും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ടെന്നു പരിശോധനയിൽ കണ്ടെത്തി.
ഈ കടുവയാണ് കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ നാട്ടിലിറങ്ങി കൂട്ടിൽ കെട്ടിയിരുന്ന 10 പശുക്കളെ കൊന്നതെന്നാണ് നിഗമനം. ഒമ്പതു വയസുള്ള കടുവ സ്വാഭാവിക വേട്ടയാടലിനു കഴിവില്ലാതായതോടെയാണ് കന്നുകാലികളെ ആക്രമിക്കുന്നതിലേക്കു തിരിഞ്ഞതെന്നാണ് പരിശോധനകള്‍ക്കു നേതൃത്വം നല്കിയ സംഘം വെളിപ്പെടുത്തുന്നത്.
ഇടതു കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതും കടുവ പ്രകോപിതനാകാൻ കാരണമാണെന്നും കരുതുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാവുന്ന സ്ഥിതിയിലല്ല കണ്ണിന്റെ അവസ്ഥ.
കടുവയോ പുലിയോ കന്നുകാലികളെ ആക്രമിക്കുന്നതു മാസം ഭക്ഷിക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍, നയമക്കാടില്‍ കൊല്ലപ്പെട്ട പശുക്കളുടെ മാംസം കടുവ ഭക്ഷിച്ചിരുന്നില്ല. ഇതും കടുവയുടെ അവശതയാണ് കാണിക്കുന്നതെന്നു പറയുന്നു. അതിനാലാണ് കടുവയെ കാട്ടിലേക്കുതന്നെ തുറന്നു വിടാനുള്ള നീക്കം ഉപേക്ഷിച്ചത്. ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിലാക്കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.