കർഷകർ മരച്ചീനി കൃഷിയിറക്കും; കാട്ടുപന്നി വിളവെടുക്കും!
1227843
Thursday, October 6, 2022 10:48 PM IST
ഉപ്പുതറ: കാട്ടുപന്നിയുടെ ശല്യത്തിൽ വലഞ്ഞ് ഉപ്പുതറ കാക്കത്തോട്ടിലെ കർഷകർ. കർഷകരുടെ നൂറുകണക്കിന് മരച്ചീനിയാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നികൾ നശിപ്പിച്ചത്. കൃഷിചെയ്യുന്ന വിളകളൊന്നും ലഭിക്കാതെ കർഷകർ വലയുകയാണ്.
കാട്ടുപന്നികളുടെ വിളയാട്ടമാണ് ഉപ്പുതറയിലെ കർഷകരെ ഏറെ ദുരിതത്തിലാക്കുന്നത്. കൃഷിയിടത്തിൽ ശല്യമായ കാട്ടുപന്നികൾ ഇപ്പോൾ വീടുകളുടെ മുന്നിൽവരെ എത്തി ദേഹണ്ഡങ്ങൾ നശിപ്പിക്കുകയാണ്. കഴിഞ്ഞ രാത്രി ഉപ്പുതറ വടക്കേടത്ത് ജോസ് ജോസഫ്, കാരക്കട ജോസുകുട്ടി എന്നിവരുടെ വീടിനോടു ചേർന്ന് നട്ടുവളർത്തിയ കപ്പ പൂർണമായും നശിപ്പിച്ചു. ജോസിന്റെ 55 മൂട് കപ്പയും ജോസുകുട്ടിയുടെ 98 മൂട് കപ്പയുമാണ് നശിപ്പിച്ചത്. ഉപ്പുതറ പള്ളി ഭാഗത്താണ് കാട്ടുപന്നികൾ കൂടുതലായി ശല്യം വിതയ്ക്കുന്നത്.
കാട്ടുപന്നികൾ കയറാതിരിക്കാൻ ചുറ്റും കമ്പിവേലികൾ സ്ഥാപിച്ചും കുപ്പികൾ കെട്ടിയും മുൻകരുതൽ എടുത്തെങ്കിലും ഇതെല്ലാം തകർത്താണ് പന്നിക്കൂട്ടം കൃഷിയിടത്തിൽ കയറുന്നത്. കപ്പ , ചേന, ചേമ്പ് തുടങ്ങിയ തന്നാണ്ട് വിളകളൊന്നും കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.
ലക്ഷങ്ങളുടെ നാശമുണ്ടായിട്ടും വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.