ഷോപ്പിംഗ് കോംപ്ലക്സ്: വീഴ്ചവരുത്തിയെന്ന് കോണ്‍ഗ്രസ്
1228302
Friday, October 7, 2022 10:44 PM IST
തൊടുപുഴ: മങ്ങാട്ടുകവലയിൽ മുനിസിപ്പാലിറ്റി നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തന സജ്ജമാക്കുന്നതിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി ഗുരുതര വീഴ്ച വരുത്തിയതായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
രണ്ടു വർഷം മുൻപ് നിർമാണം പൂർത്തിയായി കടമുറികൾ ലേലത്തിൽ വച്ചിട്ടും വൈദ്യുതിയും ജലവിതരണവും ഉൾപ്പെടെ യാഥാർഥ്യമാക്കിയിട്ടില്ല. ഷോപ്പിംഗ് കോംപ്ലക്സ് തുറക്കാത്തതിനാൽ മാസം ഒൻപത് ലക്ഷം രൂപയുടെ റവന്യൂ നഷ്ടമാണ് മുനിസിപ്പാലിറ്റിക്ക് ഉണ്ടാകുന്നത്. ഷോപ്പിംഗ് കോംപ്ലക്സിന് ഫയർ ഫോഴ്സിന്റെ എൻഒസി നിലവിലെ സാഹചര്യത്തിൽ ലഭ്യമാവില്ലെന്നാണ് അറിയുന്നത്.
30,000 ലിറ്റർ ജലസംഭരണി കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചാൽ മാത്രമേ എൻഒസി ലഭിക്കുകയുള്ളുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ വലിയ ജലസംഭരണി ഈ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിക്കാൻ കഴിയില്ലെന്നാണ് എൻജിനിയറിംഗ് വിഭാഗത്തിന്റെ നിലപാട്.
നിർമാണ വേളയിലും, പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൗണ്‍സിൽ അംഗീകാരം നൽകുന്ന സമയത്തും സാങ്കേതിക ഉപദേശം നൽകേണ്ട എൻജിനിയറിംഗ് വിഭാഗം മൗനം പാലിച്ചതാണ് വലിയ പദ്ധതി അവതാളത്തിലാക്കിയതെന്ന് യോഗം ആരോപിച്ചു.