തട്ടുകടയിൽ മോഷണം; പ്രതി തൊണ്ടിയോടെ പിടിയിൽ
1228310
Friday, October 7, 2022 10:49 PM IST
ഉപ്പുതറ: വളകോട് പാലക്കാവിൽ തട്ടുകടയിൽ മോഷണം. 8950 രൂപയുമായി വളകോട് പാലക്കാവ് കിഴക്കേക്കര വീട്ടിൽ സാജു എന്നറിയപ്പെടുന്ന വർഗീസ് തോമസി(48)നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.
പാലക്കാവിൽ പ്രവർത്തിക്കുന്ന ഇളപ്പുങ്കൽ ബിജു മത്തായിയുടെ തട്ടുകടയിൽ മോഷണം നടത്തി മടങ്ങുന്നതിനിടെയാണ് മോഷ്ടാവ് നാട്ടുകാരുടെ പിടിയിലായത്. വ്യാഴാഴ്ച രാത്രി 12നു ശേഷമാണ് മോഷണം നടന്നത്. പ്രദേശത്ത് മോഷണം പതിവായതിനാൽ നാട്ടുകാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാത്രി അതുവഴി വന്ന വാഹനത്തിലുണ്ടായിരുന്നവർ അസമയത്ത് റോഡിൽ ഒരാളെ കണ്ടതിനെത്തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാർ എത്തി സാജുവിനെ പിടികൂടുകയുമായിരുന്നു.
ഇയാളുടെ പക്കൽനിന്ന് 8950 രൂപയും കണ്ടെടുത്തു. എസ് ഐ മാരായ കെ.എം. ഏബ്രഹാം, കെ. എക്സ്, ഷിബു, പി.എ. നിഷാദ്, ജോളി ജോസഫ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.