ചെറുകുന്നേൽ ഗോപിക്ക് പുരസ്കാരം
1244525
Wednesday, November 30, 2022 10:09 PM IST
അടിമാലി: മൾട്ടി റൂട്ട് ജാതി ഉൾപ്പെടെ കൃഷിയിൽ നൂതന കണ്ടുപിടിത്തങ്ങൾ നടത്തിയ ചെറുകുന്നേൽ ഗോപിക്ക് അന്തർദേശീയ പുരസ്കാരം. ശ്രീലങ്കയിലെ കൊളംബോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പണ്‍ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ഗോപിയെ ആദരിച്ചു.
കാലവർഷത്തിലും കാറ്റിലും ജാതി തൈകൾ നശിക്കുന്നതിനു പരിഹാരമായാണ് ഗോപി മൾട്ടി റൂട്ട് ജാതി തൈകൾ ഉത്പാദിപ്പിച്ചത്. ഒരു വർഷം മുൻപ് യൂണിവേഴ്സിറ്റി അധികൃതർ ഗോപിയുടെ തോട്ടത്തിൽ എത്തിയിരുന്നു. നൂതന കൃഷിരീതി നേരിൽകണ്ട് മനസിലാക്കിയാണ് ഗോപിയെ ആദരിച്ചത്.
1995ൽ സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡ്, 96ൽ തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കർഷകതിലക്, 97ൽ നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ ഉദ്യാൻ പണ്ഡിറ്റ്, സ്പൈസസ് ബോർഡ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ഗോപിയെ തേടിയെത്തിയിട്ടുണ്ട്. നേന്ത്രവാഴ കൃഷിയിലൂടെയാണ് ഗോപിയെ കേരളത്തിലെ കർഷകർ അറിയപ്പെട്ടുതുടങ്ങിയത്. 60 കിലോ തൂക്കമുള്ള നേന്ത്രവാഴ ഉത്പാദിപ്പിച്ച് 95ൽ ശ്രദ്ധ നേടി. അങ്ങനെ ഗോപി കിന്റൽ ഗോപിയായി.