ശിവനന്ദയ്ക്കു സംഗീതം കുട്ടിക്കളിയല്ല
1244877
Thursday, December 1, 2022 10:56 PM IST
മുതലക്കോടം: അഞ്ചാം ക്ലാസിലാണ് ശിവനന്ദ പഠിക്കുന്നതെങ്കിലും സംഗീതം കുട്ടിക്കളിയല്ല ഈ മിടുക്കിക്ക്. ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ എ ഗ്രേഡോടെയാണ് വണ്ണപ്പുറം എസ്എൻഎം വിഎച്ച്എസ്എസിലെ ബി. ശിവനന്ദ ഒന്നാം സ്ഥാനം നേടിയത്. ഇതിനു പുറമേ മലയാളം പദ്യംചൊല്ലലിലും എ ഗ്രേഡ് കരസ്ഥമാക്കി. കല്യാണി രാഗത്തിൽ ഹിമാദ്രി സുധ എന്ന കീർത്തനം പാടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ഇതേ സ്കൂളിലെ സംഗീതാധ്യാപികയായ അമ്മ ശ്രീരഞ്ജിനിയാണ് സംഗീതം അഭ്യസിപ്പിക്കുന്നത്. സഹോദരി ദേവനന്ദ ദേശഭക്തിഗാന മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. ഡിഎസ് ശ്രീ മ്യൂസിക് യൂ ട്യൂബ് ചാനലും ഇവർക്കു സ്വന്തമായുണ്ട്.
നിളയുടെ തീരം നിറഞ്ഞു
മുതലക്കോടം: നിളയുടെ തീരം...ആലപിച്ച് വണ്ണപ്പുറം എസ്എൻഎം സ്കൂളിലെ ഇളംകുരുന്നുകൾ യുപി വിഭാഗം സംഘഗാനത്തിൽ കാണികളുടെ മനം കവർന്നു. അക്ഷര ശുദ്ധി, സ്വരങ്ങളുടെ ലയം എന്നിവ മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞതായി വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു. ഇതേ സ്കൂളിലെ മ്യൂസിക് അധ്യാപികയായ ശ്രീരഞ്ജിനിയാണ് പരിശീലക. മൂന്നു മാസത്തെ പരിശീലനത്തിലൂടെയാണ് ഇവർ വിജയത്തിന്റെ പടികൾ ചവിട്ടിക്കയറിയത്. ബി.ശിവനന്ദ, പി.സാൻവിയ, ശ്രീബാല കണ്ണൻ, സ്നേഹ ഷിനു, അഭിനയ ബിനുഷ ഇസ്റ ഫാത്തിമ, ഹന്ന രതീഷ് എന്നിവരായിരുന്നു ടീമംഗങ്ങൾ.