ബസിൽ കയറാൻ മറന്ന ബാലന് കൂട്ടായി തൂക്കുപാലത്തെ ഡ്രൈവർമാർ
1245701
Sunday, December 4, 2022 10:24 PM IST
നെടുങ്കണ്ടം: അബദ്ധത്തിൽ മാതാപിതാക്കളുടെ കൈവിട്ടു പോയ 10 വയസുകാരന് തൂക്കുപാലത്തെ ടാക്സി ഡ്രൈവർമാർ തുണയായി. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. തൂക്കുപാലം ഗുരുമന്ദിരം ജഗ്ഷനിൽ കുട്ടിയും മാതാപിതാക്കളും ഒരു ബന്ധുവുംകൂടി താമസ സ്ഥലമായ നെടുങ്കണ്ടത്തേക്ക് പോകുന്നതിനായി ബസ് കാത്തു നിൽക്കുന്നതിനിടെയാണ് കുട്ടിയെ കൈവിട്ടു പോയത്. ഇവർക്കു പോകേണ്ട ബസ് എത്തിയപ്പോൾ കുട്ടിയെ ശ്രദ്ധിക്കാതെ മുതിർന്നവർ ബസിൽ കയറിപ്പോയി.
മുതിർന്നവരുടെ സമീപത്തുനിന്ന് ഒരു കടയിലേക്കു കയറിയ കുട്ടി തിരിച്ചെത്തിയപ്പോൾ മാതാപിതാക്കളെ കണ്ടില്ല. കുട്ടി ഒറ്റക്കു നിൽക്കുന്നതു കണ്ട ജീപ്പ് സ്റ്റാൻഡിലെ ഡ്രൈവർമാർ വിവരം തിരക്കുകയും കുട്ടിയെ സംരക്ഷിക്കുകയുമായിരുന്നു. തുടർന്ന് ബസ് ജീവനക്കാരെ വിവരമറിയിച്ചു. ജീവനക്കാർ പറയുമ്പോഴാണ് കുട്ടി കൂടെയില്ലന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. തിരികെയെത്തിയ മാതാപിതാക്കൾക്കൊപ്പം ഹോം ഗാർഡിന്റെ സാന്നിധ്യത്തിൽ കുട്ടിയെ പറഞ്ഞയച്ചു.
മാതാപിതാക്കൾ എത്തുന്നത് വരെ ഡ്രൈവർമാർ കുട്ടിക്കൊപ്പം നിൽക്കുകയും ലഘുഭക്ഷണം വാങ്ങി നൽകുകയും ചെയ്തു.