യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
1246292
Tuesday, December 6, 2022 10:24 PM IST
വണ്ണപ്പുറം: യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കാളിയാർ തോപ്പിൽ സരിനെ (32) ആണ് കാളിയാർ പോലീസ് അറസ്റ്റ് ചെയ്തത്. സരിന്റെ ഭാര്യ അശ്വതി (31) കഴിഞ്ഞ മാസം 22നാണ് വീട്ടിൽ ജീവനൊടുക്കിയത്.
ഗാർഹികപീഡന നിരോധനനിയമ പ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധനത്തിനു വേണ്ടി ദേഹോപദ്രവം ഏല്പിക്കൽ എന്നിവ ചുമത്തിയാണ് സരിനെ അറസ്റ്റ് ചെയ്തത്.
സരിന്റെയും കുടുംബാംഗങ്ങളുടെയും ശാരീരികവും മാനസികവുമായ ഉപദ്രവങ്ങളിൽനിന്നു തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് കഴിഞ്ഞ 22ന് വണ്ണപ്പുറം അന്പലപ്പടിയിൽ ഇയാൾ അശ്വതിയുമായി വീണ്ടും വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തത്. തുടർന്ന് അന്നുതന്നെ വീട്ടിലെത്തി അശ്വതി ജീവനൊടുക്കി. രണ്ടു മക്കളാണ് ഇവർക്കുള്ളത്.
കാളിയാർ സിഐ എച്ച്.എൽ. ഹണി, എസ്ഐ കണ്ണദാസ് രാജേഷ്, സിപിഒമാരായ സുനിൽ, അനീഷ്, സത്താർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.