താന്നിമൂട്ടിലെ പഴയപാലം പൊളിച്ചുനീക്കുന്നു
1262159
Wednesday, January 25, 2023 10:28 PM IST
നെടുങ്കണ്ടം: കമ്പംമെട്ട് -നെടുങ്കണ്ടം സംസ്ഥാനപാതയിലെ താന്നിമൂട്ടില്‍ പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. നിലവിലുണ്ടായിരുന്ന പാലം പൂര്‍ണമായും പൊളിച്ചുനീക്കിയാണ് ഉയരവും വീതിയുമുള്ള പുതിയ പാലം നിര്‍മിക്കുന്നത്. 2.25 കോടി രൂപയാണു പുതിയ പാലത്തിന്റെ നിര്‍മാണച്ചെലവ്.
ഇരുവശങ്ങളിലും നടപ്പാതയോടെ ഒരേസമയം രണ്ടു വാഹനങ്ങള്‍ക്കു കടന്നപോകാവുന്ന വിധമാണ് പാലത്തിന്റെ നിര്‍മാണം. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് കരാർ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു പ്രളയകാലത്തും കല്ലാര്‍ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലത്തിന്റെ മുകളിലൂടെ വെള്ളം ഒഴുകിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയില്‍ പാലത്തിനു ബലക്ഷയമുള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
പുതിയ പാലം നിര്‍മാണത്തിനു മുന്നോടിയായി നിലവിലുണ്ടായിരുന്ന പാലം പൊളിച്ചുനീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാല്‍നടയാത്രക്കാര്‍ക്കായി താത്കാലിക നടപ്പാലം നിര്‍മിച്ചു. പാലം പൊളിച്ചതോടെ ഇതുവഴിയുള്ള വാഹനഗതാഗതം തിരിച്ചുവിട്ടു. നെടുങ്കണ്ടം ഭാഗത്തുനിന്നും തൂക്കുപാലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കല്ലാര്‍ വഴിയിലൂടെയും കോമ്പയാര്‍ വഴിയിലൂടെയുമാണ് തിരിച്ചുവിട്ടിരിക്കുന്നത്.