വീണ്ടും കാട്ടാന ആക്രമണം; ഒരു വീടും റേഷൻ കടയും തകർത്തു; ഒരാൾക്കു പരിക്ക്
1262446
Friday, January 27, 2023 10:21 PM IST
രാജകുമാരി: ഇടുക്കിയിൽ രണ്ടിടത്തു വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ ബിഎൽ റാമിൽ ഒരു വീടും പന്നിയാർ എസ്റ്റേറ്റിൽ റേഷൻ കടയും തകർത്തു. സംഭവത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ രണ്ടു മണിക്കൂർ കൊച്ചി – ധനുഷ്കോടി ദേശീയ പാത ഉപരോധിച്ചു. പ്രശ്നം പരഹരിക്കാൻ 31നു വനംമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടക്കും.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു ചിന്നക്കനാൽ ബിഎൽ റാമിലെ കുന്നത്ത് ബെന്നിയുടെ വീടും കടയും കാട്ടാന തകർത്തത്.
ചക്കകൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ആക്രമിച്ചത്. ബെന്നിയും കുടുംബവും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കാലിനു നേരിയ പരിക്കേറ്റ ബെന്നി രാജകുമാരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
അഞ്ചോടെയാണു പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട അരിക്കൊമ്പൻ എന്ന കാട്ടാന ആക്രമിച്ചത്. പത്തു ദിവസത്തിനിടെ നാലാം തവണയാണ് റേഷൻകട തകർത്തത്. തുടർച്ചയായി ഉണ്ടാകുന്ന ആക്രമണം ഭയന്ന് സാധനങ്ങൾ മറ്റൊരു മുറിയിലേക്കു മാറ്റിയിരുന്നു. നാട്ടുകാരും കടയുടമയും ചേർന്നാണു ആനയെ ഓടിച്ചത്.
കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടു നാട്ടുകർ ദേശീയപാത ഉപരോധിച്ചു.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുൾപ്പെടെയുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
പന്നിയാറിലെ റേഷൻ കടയ്ക്കു ചുറ്റും അടുത്ത ദിവസം സോളാർ ഫെൻസിംഗ് നിർമിക്കാൻ നടപടി സ്വീകരിച്ചു. പ്രദേശത്ത് പട്രോളിംഗ് കൂടുതൽ ശക്തമാക്കാനും ചർച്ചയിൽ തീരുമാനമായി.