ഡിസിഎൽ ലഹരിവിരുദ്ധ കിക്ക് ഒൗട്ട് യാത്രയ്ക്ക് ഉൗഷ്മള സ്വീകരണം
1262447
Friday, January 27, 2023 10:21 PM IST
തൊടുപുഴ: വിദ്യാർഥികളെയും യുവജനങ്ങളെയും ഉൾപ്പെടെ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരി ചുഴിക്കെതിരേ സമൂഹമന:സാക്ഷിയെ ഉണർത്തുന്നതിനു ദീപികയും ഡിസിഎലും ഒലീവിയ ഫൗണ്ടേഷനും ചേർന്നു നടത്തുന്ന കിക്ക് ഒൗട്ട് യാത്രയ്ക്ക് തൊടുപുഴയിൽ ഉൗഷ്മള സ്വീകരണം നൽകി.
ജയ്റാണി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിൽ ലഹരിക്കെതിരേ ഉണർത്തുപാട്ടായി എത്തിയ സന്ദേശയാത്രയെ നൂറുകണക്കിനു വിദ്യാർഥികൾ ചേർന്നു വരവേറ്റു. തുടർന്നു നടന്ന യോഗത്തിൽ എസ്എബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ മെർലി തെങ്ങുംപിള്ളി അധ്യക്ഷത വഹിച്ചു. എഡ്ഗ്ലോബ് ഡയറക്ടർ ആർ. രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തി. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഒലീവിയ ഫൗണ്ടേഷൻ എംഡി കെ.ടി. കൃഷ്ണകുമാർ മുഖ്യസന്ദേശവും ജാഥാക്യാപ്റ്റനും ഡിസിഎൽ കൊച്ചേട്ടനുമായ ഫാ. റോയി കണ്ണൻചിറ മുഖ്യപ്രഭാഷണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മി തട്ടാറുകുന്നേൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ, ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ, ദീപിക റീജണൽ ഡയറക്ടർ മിന്നൽ ജോർജ്, ഡിസിഎൽ സംസ്ഥാന റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, ദീപിക ഇടുക്കി ബ്യൂറോ ചീഫ് ജെയ്സ് വാട്ടപ്പിള്ളി, ഒലീവിയ പ്രോഗ്രാം മാനേജർ ടി.ആർ. ബിജു, ഡിസിഎൽ മേഖല ഓർഗനൈസർമാരായ റിറ്റി തോമസ്, ബിനോജ് ആന്റണി എന്നിവർ പ്രസംഗിച്ചു. ഡിസിഎൽ തൊടുപുഴ പ്രവിശ്യ കോ-ഓർഡിനേറ്റർ റോയി ജെ. കല്ലറങ്ങാട്ട് സ്വാഗതവും സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഫിൽസി നെല്ലിക്കുന്നേൽ നന്ദിയും പറഞ്ഞു.
ഡിപോൾ പബ്ലിക് സ്കൂൾ, വിമല പബ്ലിക് സ്കൂൾ, ജയ്റാണി പബ്ലിക് സ്കൂൾ, സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളും ലഹരിവിരുദ്ധ സന്ദേശയാത്രയിൽ പങ്കാളികളായി. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബും ലഹരിവിരുദ്ധ ദീപം തെളിയിക്കലും ചടങ്ങിനോടനുബന്ധിച്ചു നടത്തി.