ഇടുക്കി പ്രസ്ക്ലബ് മീഡിയ ക്ലബ് ഉദ്ഘാടനം ഇന്ന്
1262454
Friday, January 27, 2023 10:21 PM IST
തൊടുപുഴ: വിദ്യാർഥികളിൽ മാധ്യമ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മീഡിയ ക്ലബ്ബിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിനു കുമാരമംഗലം എംകഐൻഎം സ്കൂൾ വാർഷികത്തോടനുബന്ധിച്ചു നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ സനീഷ് ഇളയിടത്ത് ഉദ്ഘാടനം നിർവഹിക്കും.
അടുത്ത മാസം ആദ്യത്തോടെ ഹൈറേഞ്ച് മേഖലയിലെ സ്കൂളുകളിലും മീഡിയ ക്ലബ്ബിനു തുടക്കമാകും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലാണു മീഡിയ ക്ലബ്ബുകൾ ആരംഭിക്കുന്നത്.
വിദ്യാർഥികൾക്ക് വാർത്ത തയാറാക്കൽ, റിപ്പോർട്ടിംഗ് അനുഭവങ്ങൾ, എഡിറ്റിംഗ്, മാഗസിൻ, കാമറ, പ്രസ് മീറ്റ്, പ്രസ് കോണ്ഫറൻസ്, ഇന്റർവ്യു, ന്യൂമീഡിയ തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തുകയും കുട്ടികളിൽ മാധ്യമ അവബോധം സൃഷ്ടിക്കുകയുമാണ് മീഡിയ ക്ലബ്ബിന്റെ ലക്ഷ്യം. ഒരു സ്ഥാപനത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർഥികൾക്കാണു പരിശീലനം നൽകുന്നത്. ജില്ലയിലും മറ്റു ജില്ലകളിലുമുള്ള മാധ്യമ പ്രവർത്തകരാണ് ഫാക്കൽറ്റിയായി പ്രവർത്തിക്കുന്നത്. പത്രസമ്മേളനത്തിൽ പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് അഫ്സൽ ഇബ്രാഹിം, സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ, എക്സിക്യൂട്ടീവംഗം പി.കെ. ലത്തീഫ്, കുമാരമംഗലം എംകഐൻഎം എച്ച്എസ്എസ് മാനേജർ ആർ.കെ. ദാസ്, ഹെഡ്മാസ്റ്റർ എസ്. സാവിൻ എന്നിവർ പങ്കെടുത്തു.
പ്രതിഷേധ കൂട്ടായ്മ
അറക്കുളം: കുടയത്തൂർ, മുട്ടം, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ നദീതീരത്തോടനുബന്ധിച്ചുള്ള എംവിഐപി ഭൂമി വനംവകുപ്പിനു വിട്ടുനൽകുന്നതിനുള്ള നീക്കത്തിൽ അറക്കുളം കർഷകകൂട്ടായ്മ പ്രതിഷേധിച്ചു.
വനംവകുപ്പിനു നദീതീരത്തെ ഭൂമി കൈമാറാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞാർ, അറക്കുളം അശോക കവല, മൂലമറ്റം എന്നിവിടങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. യോഗത്തിൽ മൈക്കിൾ പുരയിടം, ജെയ്സണ് കുന്നുംപുറത്ത്, പി.കെ. ശങ്കപ്പിള്ള, വി.ഐ. മൂസ, സോമൻ എസ്. നായർ, ജോസഫ് പരവൻപറന്പിൽ എന്നിവർ പ്രസംഗിച്ചു.