കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു; രണ്ടുപേർക്കു പരിക്ക്
1262733
Saturday, January 28, 2023 10:20 PM IST
കട്ടപ്പന: കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു. രണ്ടു പേർക്കു പരിക്ക്. ഒരു വീടിന്റെ സംരക്ഷണവേലിയും തകർന്നു.
കാർ ഓടിച്ചിരുന്ന കട്ടപ്പന അഭിലാഷ് എൻജിനിയറിംഗ് വർക്സ് ഉടമ നത്തുകല്ല് മൈലാടുംപാറ വീട്ടിൽ മോഹനൻ(64), സ്കൂട്ടർ യാത്രികനായ ചേമ്പളം ഇലവുങ്കൽ പ്രഫുൽ (24) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികത്സ നൽകി. സാരമായി പരിക്കേറ്റ മോഹനനെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
കട്ടപ്പന-ഇരട്ടയാർ റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് അപകടം. കട്ടപ്പന ഭാഗത്തുനിന്നു വന്ന മാരുതി സ്വിഫ്റ്റ് കാർ നത്തുകല്ലിനു സമീപം നിയന്ത്രണം നഷ്ടപ്പെടുകയും നിർത്തിയിട്ടിരുന്ന മാരുതി 800 കാറിലും അതുവഴി വന്ന സ്കൂട്ടറിലും ഇടിക്കുകയുമായിരുന്നു. രണ്ടു കാറുകൾക്കും സാരമായ കേടുപാടുകൾ ഉണ്ടായി. സ്കൂട്ടറിന്റെ ഹാൻഡിൽ ഒടിയുകയും ചെയ്തു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.