ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞ് മൂന്നുപേർക്കു പരിക്ക്
1262737
Saturday, January 28, 2023 10:20 PM IST
കട്ടപ്പന: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞ് മൂന്നു യുവാക്കൾക്കു പരിക്കേറ്റു. റേഷൻകട കുന്തളംപാറ ബൈപാസ് റോഡിലായിരുന്നു അപകടം.
കൊടുംവളവിൽ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ എതിരേവന്ന ടിപ്പർ ലോറിക്കു സൈഡ് നൽകുന്നതിനിടെ നിയന്ത്രണംവിട്ടു സമീപത്തെ തോട്ടിലേക്കു പതിക്കുകയായിരുന്നു. ക്രാഷ് ബാരിയറുകൾ തകർത്താണ് ഓട്ടോറിക്ഷ തോട്ടിൽ പതിച്ചത്.
അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ മേട്ടുക്കുഴി തടിയാനിക്കുന്നേൽ സൂരജ്(21), സുഹൃത്തുകളായ തോട്ടുവയലിൽ രാഹുൽ വിനോദ്(24), കണ്ടംകുളത്ത് അരുൺ സുജി(21) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയായിരുന്നു അപകടം. വലിയ ശബ്ദം കേട്ടത്തിയ സമീപവാസികളാണ് യുവാക്കളെ തോട്ടിൽനിന്നു കരയ്ക്കുകയറ്റി ആശുപത്രിയിൽ എത്തിച്ചത്. അപകടം നടന്ന സ്ഥലത്ത് കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ ഉണ്ടായിരുന്നെങ്കിലും ഓട്ടോ റിക്ഷ ഇതിൽ ഇടിക്കാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു.