ദണ്ഡിയാത്രയിലെ അഞ്ചാമത്തെ മലയാളിയെയും കണ്ടെത്തി
1262806
Saturday, January 28, 2023 10:45 PM IST
തൊടുപുഴ: ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ നിർണായകമായി മാറിയ ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത അഞ്ചാമത്തെ മലയാളിയെയും തിരിച്ചറിഞ്ഞു. അറക്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ ചരിത്ര അധ്യാപകനായ ടോം ജോസ് കളപ്പുരയ്ക്കൽ ദണ്ഡിയാത്രയെക്കുറിച്ചുള്ള ചരിത്രഗ്രന്ഥം തയാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണു അഞ്ചാമത്തെ മലയാളിയെ കണ്ടെത്തിയത്. പാലക്കാട് രാമശേരി സ്വദേശി വടവട്ടത്ത് താപ്പൻനായരാണ് അഞ്ചാമത്തെ മലയാളിയെന്നാണു ടോം ജോസ് തന്റെ ചരിത്രഗ്രന്ഥത്തിലൂടെ വ്യക്തമാക്കുന്നത്.
തൃശൂർ മായന്നൂർ സ്വദേശി കെ. ശങ്കരൻ, നെയ്യാറ്റിൻകര സ്വദേശി സി. കൃഷ്ണൻ നായർ, പത്തനംതിട്ട മാരാമണ്‍ സ്വദേശി ടൈറ്റസ് തേവർതുണ്ടിയിൽ, പാലക്കാട് ഷൊർണൂർ സ്വദേശി എൻ.പി. രാഘവപൊതുവാൾ എന്നിവരെയാണു നേരത്തെ തിരിച്ചറിഞ്ഞിരുന്നത്.
ദണ്ഡിയാത്രയെക്കുറിച്ചു ആധികാരികമായി വിവരിക്കുന്ന ചരിത്ര പുസ്തകങ്ങൾ ഇതുവരെ മലയാളത്തിൽ ലഭ്യമല്ലായിരുന്നു. ദണ്ഡിയിലേക്കുള്ള ചരിത്രയാത്രയിൽ ഖാദി വസ്ത്രവും ഗാന്ധിത്തൊപ്പിയുമണിഞ്ഞു സബർമതി ആശ്രമത്തിലെ 78 പേരാണ് പങ്കെടുത്തിരുന്നത്. സബർമതിയിൽനിന്നു പുറപ്പെട്ട സംഘാംഗങ്ങൾ ഓരോ ദിവസവും 16 കിലോമീറ്ററോളമായിരുന്നു കാൽനടയായി സഞ്ചരിച്ചിരുന്നത്.
ആദ്യ നിയമലംഘന പ്രസ്ഥാനമായ ദണ്ഡിയാത്രയിലൂടെ കടൽവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കിയതുവഴി സ്വാതന്ത്ര്യ സമരത്തിനു പുത്തൻ ആവേശവും ഗതിവേഗവും നൽകാൻ ഇതിലൂടെ കഴിഞ്ഞു.