പെരുവന്താനം പഞ്ചായത്തിൽ ഇന്നു യുഡിഎഫ് ഹർത്താൽ
1263401
Monday, January 30, 2023 11:02 PM IST
മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിലെ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു ഹർത്താൽ നടത്തും.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറു വരെ പെരുവന്താനം പഞ്ചായത്ത് പരിധിയിലാണു ഹർത്താൽ.
ഇതിനു മുന്നോടിയായി പെരുവന്താനത്ത് സംഘടിപ്പിച്ച വിശദീകരണയോഗം ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.
ജോൺ പി. തോമസ്, ജോസഫ് വെട്ടിക്കാട്ട്, കെ.എം. രാമദാസ്, സി.ടി. മാത്യു ചെരളേൽ, കെ.ആർ. വിജയൻ, ഡോമിനാ സജി, എബിൻ കുഴിവേലിൽ, കെ.ജെ. ജോസുകുട്ടി, എൻ.എ. വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.
മൂന്നു മാസമായി ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ കാട്ടാനശല്യം രൂക്ഷമാണ്.
24ഓളം ആനകൾ കൂട്ടമായെത്തി മേഖലയിലെ കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്.
ആനകളുടെ സാന്നിധ്യംമൂലം ടാപ്പിംഗിനു പോകാൻ പോലും പറ്റാത്ത സാഹചര്യമാണെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണ് രണ്ടു തോട്ടംതൊഴിലാളികൾ രക്ഷപ്പെട്ടത്.
കൂടാതെ പഞ്ചായത്തിന്റെ പരിധിയിൽ കുരങ്ങ്, കാട്ടുപന്നിശല്യവും രൂക്ഷമാണ്.