ഓരോ വാക്കും ലഹരിക്കെതിരേ: നവ്യാനുഭവമായി സ്കൂൾ വാർഷികം
1263404
Monday, January 30, 2023 11:02 PM IST
കുമാരമംഗലം: വാക്കുകളിൽ അഗ്നി പകർന്നു ലഹരിക്കെതിരേയുള്ള ബോധവത്കരണം മുഖ്യപ്രമേയമാക്കി കുമാരമംഗലം എംകെഎൻഎം സ്കൂൾ വാർഷികം വേറിട്ട അനുഭവമായി മാറി.
സ്കൂൾ വാർഷിക റിപ്പോർട്ടോ പതിവു പ്രഭാഷണങ്ങളോ ഇത്തവണ ഇവിടെയുണ്ടായിരുന്നില്ല. വിദ്യാർഥികളെയും മുതിർന്നവരെയും സർവനാശത്തിലേക്കു നയിക്കുന്ന ലഹരിക്കെതിരേ മനുഷ്യമനഃസാക്ഷിയെ തട്ടിയുണർത്തുന്ന പ്രഭാഷണങ്ങളായിരുന്നു ഇത്തവണത്തെ പ്രത്യേകത.
പോലീസിന്റെയും എക്സൈസിന്റെയും മന:ശാസ്ത്രജ്ഞന്റെയും ജീവിതാനുഭവങ്ങളിൽനിന്നു കോറിയെടുത്ത വാക്കുകൾ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പോരാട്ടത്തിൽ ഭാഗഭാക്കാകാനുള്ള പ്രേരണയും പ്രചോദനവുമായി.
ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അബു എബ്രഹാം, ഡിവൈഎസ്പി എം.ആർ. മധു ബാബു, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ, മനഃശാസ്ത്ര വിദഗ്ധൻ ഡോ. കെ. സുദർശൻ എന്നിവരാണു ലഹരിക്കെതിരേയുള്ള അനുഭവങ്ങൾ പങ്കുവച്ചത്. പിടിഎ പ്രസിഡന്റ് പി.ജി. ജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻചാർജായി സേവനമനുഷ്ടിച്ച കെ. അനിലിനു യാത്രയയപ്പും നൽകി.
സ്കൂളിലെ എസ്പിസി കുട്ടികൾക്ക് പരിശീലനം നൽകിയ ഈ വർഷം പോലീസിൽനിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടർ എം.ആർ. കൃഷ്ണൻ നായർ, ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി റഫീക്ക് പള്ളത്തുപറന്പിൽ എന്നിവർക്കു സ്നേഹോപഹാരം നൽകി ആദരിച്ചു. മാനേജർ ആർ.കെ. ദാസ് സ്വാഗതവും ഹെഡ്മാസ്റ്റർ എസ്. സാവിൻ നന്ദിയും പറഞ്ഞു.