ആദിവാസിമേഖലയിലെ ശൈശവ വിവാഹം: പോലീസ് അന്വേഷണം ആരംഭിച്ചു
1263684
Tuesday, January 31, 2023 10:51 PM IST
മൂന്നാർ: വിവാഹിതനും പ്രായപൂർത്തിയായ രണ്ടു മക്കളുടെ പിതാവുമായ 47-കാരൻ പതിനഞ്ചുകാരിയെ വിവാഹം ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പത്തു പേരടങ്ങുന്ന സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
ശിശുക്ഷേമസമിതിക്കു മുന്പിൽ പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന നിർദേശത്തെത്തുടർന്ന് മൂന്നാർ എസ്ഐ ഷാഹുൽ മുഹമ്മദിന്റെ നേതൃത്വത്തിൽ പോലീസ് ഇടമലക്കുടിക്ക് യാത്ര തിരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണിത്.
ശൈശവ വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടെങ്കിലും നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗോത്രവർഗ സംസ്കാരമനുസരിച്ചു പുടവ കൈമാറുന്നതോടെയാണു വിവാഹം.
സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാറില്ല. ഇടമലക്കുടിയിൽ നടന്ന വിവാഹവും ഇത്തരത്തിലായിരുന്നെന്നാണു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്.
പോലീസ് നിരീക്ഷണവും വനംവകുപ്പിന്റെ നിരന്തരമായ സാന്നിധ്യവും തദ്ദേശ ഭരണകൂടത്തിന്റെ മേൽനോട്ടവുമുള്ള മേഖലയിൽ നടന്ന വിവാഹത്തിൽ സർക്കാർ വകുപ്പുകൾ വരുത്തിയ വീഴ്ചയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
ദേവികുളത്ത് പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഓഫീസ് ഇടമലക്കുടിയിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച വേളയിൽതന്നെ നടന്ന ഈ സംഭവം തദ്ദേശ ഭരണകൂടത്തെയും വെട്ടിലാക്കിയിട്ടുണ്ട്.