ദേവിയാർ കോളനിയിലെ കുട്ടികൾക്ക് ഇനി ശുഭയാത്ര
1263688
Tuesday, January 31, 2023 10:51 PM IST
ഇടുക്കി: ദേവിയാർ കോളനിയിലെ കുട്ടികളുടെ യാത്രാദുരിതത്തിനു ശാശ്വത പരിഹാരം. ദേവിയാർ കോളനി നിവാസികളുടെ പരാതിയിൽ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി.എ. സിറാജുദീൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ടു സ്കൂളിലേക്കു വിളിച്ചു വരുത്തുകയായിരുന്നു.
പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കു പട്ടിക വർഗ വകുപ്പിന്റെ ഗോത്രസാരഥി വാഹനത്തിൽ സ്കൂളിലേക്കു യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു.
ദേവിയാർ കോളനിയിലെ പട്ടിക ജാതി വിദ്യാർഥികൾക്ക് ഇന്നു മുതൽ ഗോത്രസാരഥി വാഹനത്തിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാണ് ലീഗൽ സർവീസസ് അഥോറിറ്റി ഒരുക്കിയത്.
ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ എസ്.എ. നജീം, അടിമാലി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. അജയകുമാർ, ദേവിയാർ കോളനി ജിവിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ഡി.ബി. യാംഗ്സ്റ്റി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഡിബിൻ എൽദോസ്, പിടിഎ പ്രസിഡന്റ് എൻ.ആർ. ഷിജൻ, കെ.എസ്. നിഷാദ്, കെ.ജി. ബിനു, കെ.എസ്. അശ്വതി എന്നിവർ യോഗത്തിൽ പങ്കെടുത്തു.