നിക്ഷയ്മിത്ര പദ്ധതിക്കു വ്യാപാരികളുടെ കൈത്താങ്ങ്
1263995
Wednesday, February 1, 2023 10:36 PM IST
തൊടുപുഴ: ദേശീയ ക്ഷയരോഗ നിവാരണവുമായി ബന്ധപ്പെട്ടു സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിയായ നിക്ഷയ്മിത്ര പദ്ധതിക്കു വ്യാപാരി വ്യവസായി ഏകോപനസമിതി തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ സഹായഹസ്തം.
ജില്ലാ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച നിക്ഷയ് മിത്ര പദ്ധതിയുടെ ഭാഗമായി നിർധനരായ ക്ഷയരോഗികൾക്കു 500 രൂപയ്ക്ക് തുല്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് ചികിത്സാ കാലയളവിൽ കൊടുക്കുന്നതാണ് പദ്ധതി. വ്യാപാരി വ്യവസായി ഏകോപനസമിതി തൊടുപുഴ ബ്ലോക്ക് കമ്മിറ്റി 16 നിർധനരായ രോഗികൾക്കു ഭക്ഷ്യകിറ്റ് വിതരണം ചെയ്താണു പദ്ധതിയുടെ ഭാഗമായത്.
മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്രാജു അപ്സര ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ, ജില്ലാ ജനറൽ സെക്രട്ടറി നജീബ്, ബ്ലോക്ക് സെക്രട്ടറി സാലി എസ്. മുഹമ്മദ്, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി. അജീവ് തുടങ്ങിയവർ പ്രസംഗിച്ചു.