മറയൂരിൽ മോഷണം തുടരുന്നു
1263996
Wednesday, February 1, 2023 10:36 PM IST
മറയൂർ: മറയൂർ മേഖലകളിൽ മോഷണം തുടരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒട്ടേറെ വീടുകളിൽ മോഷണം നടന്ന പ്രദേശത്ത് ഒരുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മോഷണം തുടങ്ങി.
മറയൂർ പത്തടിപ്പാലം കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന അജിത്തിന്റെ വീട് കള്ളത്താക്കോൽ ഉപയോഗിച്ചു തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും അര പവൻ സ്വർണവും കവർന്നു.
സമീപത്ത് മറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാലചന്ദ്രന്റെ വീടും കുത്തിത്തുറന്നു. ബാലചന്ദ്രൻ അടിമാലിയിൽ മകൾക്കൊപ്പമാണു താമസിച്ചിരുന്നത്. ഇതിനാൽ ഒരു മാസമായി വീട് പൂട്ടികിടക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ മറയൂർ കോളനി കേന്ദ്രീകരിച്ച് 15 വീടുകളിൽ മോഷണശ്രമം നടന്നു.
എട്ടു വീടുകളിൽനിന്നായി 60 പവൻ സ്വർണവും പണവും മറ്റുപകരണങ്ങളും മോഷണം പോയി.
മോഷ്ടാക്കളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധിച്ചു നാളെ ബിജെപി മറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനു മുന്പിൽ നിരാഹാരസമരം തുടങ്ങുമെന്ന് ദേവികുളം താലൂക്ക് ബിജെപി പ്രസിഡന്റ് പി.പി. മുരുകൻ അറിയിച്ചു.