നായപ്പേടിയിൽ കാഞ്ചിയാർ നിവാസികൾ
1264270
Thursday, February 2, 2023 10:31 PM IST
കട്ടപ്പന: കാഞ്ചിയാറ്റിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം വ്യാഴാഴ്ച രാവിലെ ഉണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാഞ്ചിയാർ വെങ്ങാലൂർകട സ്വദേശി ഇടയ്ക്കാട്ട് ബിജുവിനാണ് കടിയേറ്റത്.
ഏതാനും ദിവസങ്ങളായി കാഞ്ചിയാർ മേഖലയിൽ തെരുവ് നായ ശല്യം അതിരൂക്ഷമാണ്. ബുധനാഴ്ച മാത്രം വിദ്യാർഥിയടക്കം അഞ്ചുപേർക്കാണ് കടിയേറ്റത്. തുടർന്നു രണ്ടു നായയെ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ആക്രമണകാരിയായ നായയെ പിടികൂടുവാൻ സാധിച്ചിരുന്നില്ല. നായ ശല്യം രൂക്ഷമായതോടെ കാഞ്ചിയാർ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. സ്കൂൾ വിദ്യാർഥികളും തോട്ടം തൊഴിലാളികളും ഭയത്തോടെയാണ് രാവിലെ റോഡുകളിലൂടെ നടന്നു പോകുന്നത്.
ആക്രമണകാരികളായ നായ്ക്കളെ ഉടനെ പിടികൂടണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു. തെരുവ് നായ ശല്യം പരിഹരിക്കുവാൻ കർമപദ്ധതികൾ ആവിഷ്കരിക്കാണ് പഞ്ചായത്തിന്റെ നീക്കം.