ഹൈറേഞ്ചിൽ തെരുവുനായ ആക്രമണം; പത്തോളം പേർക്ക് കടിയേറ്റു
1264541
Friday, February 3, 2023 10:58 PM IST
കട്ടപ്പന : ഇടുക്കിയിൽ വീണ്ടും തെരുവുനായ ആക്രമണം. വാഴവര നിർമലാസിറ്റിയിൽ നാലുപേരെ നായ ആക്രമിച്ചു.വെള്ളിയാഴ്ച ഉച്ചയോടെയാണ് നിർമലാസിറ്റി പള്ളിപ്പടി മേഖലയിൽ തെരുവുനായയുടെ ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്കും രണ്ടു പുരുഷന്മാർക്കും നായയുടെ കടിയേറ്റു.
പ്രദേശവാസികളായ ചിന്നമ്മ കല്ലുമാലിൽ, മേരി കുന്നേൽ, ബാബു മുതുപ്ലാക്കൽ, സണ്ണി തഴയ്ക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നാലുപേരും ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ചിന്നമ്മയെ അടുക്കളയിൽ കയറിയാണ് നായ കടിച്ചത്.ഇവരുടെ ഇരു കാലുകളിലും കടിയേറ്റിട്ടുണ്ട്.പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് മേരിയുടെ കൈയിൽ നായ കടിച്ചത്. വീടിന് മുൻപിൽ നിൽക്കുകയായിരുന്ന ബാബുവിന്റെ കാലിലാണ് നായ കടിച്ചത്. നിർമാണത്തൊഴിലാളിയായ സണ്ണിയെ ജോലി സ്ഥലത്തുവച്ചാണ് നായ കടിച്ചത്. ഇയാളുടെ തുടയുടെ ഭാഗത്ത് സാരമായ പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് അരമണിക്കൂർ സമയത്തിനിടെയാണ് നായ ആളുകളെ ആക്രമിച്ചത്.കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഹൈറേഞ്ചിൽ പത്തോളം പേരെയാണ് തെരുവുനായ ആക്രമിച്ചത്.കാഞ്ചിയാർ മേഖലയിൽ മാത്രം ആറുപേരെ നായ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് നിർമലാസിറ്റിയിലും തെരുവുനായ ആക്രമണം.