സംസ്ഥാന ബജറ്റ്: തൊഴിലാളി ലയങ്ങളുടെ നവീകരണത്തിന് വീണ്ടും 10 കോടി
1264543
Friday, February 3, 2023 10:58 PM IST
ഉപ്പുതറ: ജില്ലയിൽ തകർച്ചയിലായ തൊഴിലാളി ലയങ്ങളുടെ നവീകരണത്തിന് സംസ്ഥാന സർക്കാർ 10 കോടി രൂപ കൂടി പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റിലാണ് 10 കോടി രൂപ വകയിരുത്തിയത്. കഴിഞ്ഞ വർഷവും 10 കോടി രൂപ അനുവദിച്ചിരുന്നതാണ്.
കഴിഞ്ഞ വർഷം അനുവദിച്ച 10 കോടി രൂപക്ക് ധനവകുപ്പ് അംഗീകാരം നൽകി എസ്റ്റിമേറ്റ് തയ്യാറാക്കാൻ തൊഴിൽ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട. ലയങ്ങൾ നവീകരിക്കാൻ 2021 -22 ലെ വാർഷിക ബജറ്റിൽ അനുവദിച്ച 10 കോടി രൂപ ഒരു വർഷമായി തൊഴിൽ, ധനകാര്യ വകുപ്പുകളുടെ മെല്ലപ്പോക്കിനെ തുടർന്ന് പ്രയോജനപ്പെട്ടില്ല. ഇതിനെ തുടർന്ന് പ്രതിഷേധം സക്തമായപ്പോഴാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്.
2020 ൽ പെട്ടിമുടി ദുരന്തം ഉണ്ടായതിനെ തുടർന്ന് ലയങ്ങളുടെ ശോച്യാവസ്ഥയും തൊഴിലാളികളുടെ ദുരവസ്ഥയും സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. രണ്ടു പതിറ്റാണ്ട് മുൻപ് ഉടമകൾ ഉപേക്ഷിച്ചു പോയ തോട്ടങ്ങളിലെ ജീർണാവസ്ഥയിലായ ലയങ്ങൾ അടിയന്തിരമായി നവീകരിക്കണം എന്ന നിർദ്ദേശം തൊഴിൽ വകുപ്പും ജില്ലാ ഭരണകൂടവും സർക്കാരിനു മുന്നിൽ വയ്ക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കഴിഞ്ഞ വർഷം 10 കോടി രൂപ അനുവദിച്ചത്.