സണ്ണിക്കു പുതുജീവിതവുമായി അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ മെഡിക്കല്‍ സെന്റര്‍
1266048
Wednesday, February 8, 2023 11:01 PM IST
നെടുങ്കണ്ടം: ഒരു മാസത്തോളമായി പൊടിമണ്ണില്‍ കിടന്നു നരകയാതന അനുഭവിച്ചിരുന്ന സണ്ണിക്കു പുതുജീവിതവുമായി അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ മെഡിക്കല്‍ സെന്റര്‍. നെടുങ്കണ്ടം പരിവര്ത്തനമെട്ട് പനയ്ക്കല്‍ സണ്ണി എന്ന 62-കാരന്റെ നരകയാതന സംബന്ധിച്ച ദീപിക വാര്‍ത്തയെത്തുടര്‍ന്നാണു ആശുപത്രി അധികൃതര്‍ സണ്ണിയെ ഏറ്റെടുത്തത്.
ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന സണ്ണി ഒരു മാസം മുമ്പ് പ്രഷര്‍ വര്‍ധിച്ചു ശരിരം തളര്‍ന്നിരുന്നു. ഇതോടെ ആരെങ്കിലും എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയാല്‍ ഇരിക്കുമെങ്കിലും ഉടന്‍ വിറച്ചു നിലത്തേക്ക് വീഴുന്ന അവസ്ഥയിലായിരുന്നു. സമീപവാസി താമസിക്കാനായി നിര്‍മിച്ച ഷെഡിലാണ് സണ്ണി ഒറ്റയ്ക്കു കഴിഞ്ഞിരുന്നത്.
മക്കളും ബന്ധുക്കളായ അയല്വാസികളുമാണു സണ്ണിക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത്. ഉടുതുണി പോലും ഇല്ലാതെ പൊടിമണ്ണില്‍ അനങ്ങാന്‍ കഴിയാതെ കിടന്ന ഇയാള്‍ ഇവിടെത്തന്നെയാണു മലമൂത്ര വിസര്‍ജനവും നടത്തിയിരുന്നത്. വാര്‍ഡില്‍ വിവരശേഖരത്തിന് എത്തിയ ആരോഗ്യപ്രവര്‍ത്തക ദീപ നായരാണ് സണ്ണിയുടെ ഈ ദുരവസ്ഥ കണ്ടെത്തിയത്. ഇതുസംബന്ധിച്ച വാര്‍ത്തയെത്തുടര്‍ന്ന് അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ സണ്ണിയെ ഏറ്റെടുക്കാന്‍ തയാറാകുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ മോര്‍ണിംഗ് സ്റ്റാര്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ലിന്‍സി സിഎസ്എന്‍, സിസ്റ്റര്‍ സ്മിത സേവ്യര്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. കൃഷ്ണമുര്‍ത്തി, വാര്‍ഡ് മെമ്പര്‍ എം.എസ്. മഹേശ്വരന്, ജിജോ പൊട്ടക്കന്‍, പട്ടംകോളനി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്ത്, ജെഎച്ച്ഐ ആര്. സന്തോഷ്, ദീപ എസ്. നായര്‍, ആശ ബെന്നി എന്നിവരുടെ നേതൃത്വത്തിലാണു സണ്ണിയെ അടിമാലിയിലെ ആശുപത്രിയിലേക്കു മാറ്റിയത്.
വാര്‍ത്തയെത്തുടര്‍ന്ന് ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനു നിര്‍ദേശം നല്‍കിയിരുന്നു.
പരിവര്ത്തനമേടിലെ ചെങ്കുത്തായ പാറയിടുക്കിനോടു ചേര്‍ന്നാണു സണ്ണി താമസിച്ചിരുന്ന ഷെഡ്. ഇവിടെനിന്നും ഏറെ പണിപ്പെട്ടാണ് സണ്ണിയെ സ്ട്രെക്ചറില്‍ ആംബുലന്‍സിലേക്ക് എത്തിച്ചത്.