കേന്ദ്രത്തിനെതിരേ മിണ്ടാട്ടമില്ല: ജനാധിപത്യ കേരള കോണ്.
1266080
Wednesday, February 8, 2023 11:07 PM IST
തൊടുപുഴ: സംസ്ഥാന സർക്കാരിനെതിരേ സമരം നടത്തുന്ന യുഡിഎഫ് കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരേ ഒരു സമരമെങ്കിലും നടത്താൻ തയാറാകണമെന്നു ജനാധിപത്യ കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് യുഡിഎഫിന്റേത്. പത്താം ധനകാര്യ കമ്മീഷൻ കേരളത്തിനു 3.23 ശതമാനം വിഹിതം നൽകി. പതിനഞ്ചായപ്പോൾ 1.97 ശതമാനമായി കുറച്ചു. ജിഎസ്ടി വിഹിതം 16-ൽനിന്നു 11 ശതമാനമായി വെട്ടിക്കുറച്ചു. ഇതോടെ 45,000 കോടിയിൽനിന്നു 30,000 കോടിയായി വരുമാനം കുറഞ്ഞു. കേരളത്തേക്കാൾ ജനസംഖ്യ കുറഞ്ഞ ഛത്തീസ്ഗഡിനു കേന്ദ്രം 3.37 ശതമാനവും ഉത്തർപ്രദേശിന് 18 ശതമാനം വിഹിതമാണു നൽകുന്നത്.
സംസ്ഥാനത്തെ 63 ലക്ഷം പാവപ്പെട്ടവർക്കു ക്ഷേമപെൻഷൻ നൽകാൻ യുഡിഎഫ് ബദൽ മാർഗം നിർദേശിക്കണം. കേരളത്തിന്റെ ഭാവി മുന്നിൽകണ്ട് ഉന്നതവിദ്യാഭ്യാസം, കാർഷിക മേഖലകൾക്കു പ്രാധാന്യം നൽകുന്ന സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ സെക്രട്ടേറിയറ്റംഗങ്ങളായ എം.ജെ. ജോണ്സണ്, അഡ്വ. മിഥുൻ സാഗർ, കഐസ് സി സംസ്ഥാന പ്രസിഡന്റ് ഡൊമിനിക് മടുക്കക്കുഴി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സോനു ജോസഫ് എന്നിവരും പങ്കെടുത്തു.