വനംവകുപ്പിന്റേത് ധിക്കാരം കേരള കോണ്ഗ്രസ്-എം
1278590
Saturday, March 18, 2023 10:19 PM IST
വണ്ണപ്പുറം: പട്ടയഭൂമിയിൽ കൃഷിചെയ്യുന്ന കർഷകരെ തടയുകയും ഉണങ്ങിയ മരംപോലും മുറിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന വനംവകുപ്പ് റെയ്ഞ്ച് ഓഫീസറുടെ നടപടി കാടത്തമാണെന്നും അതംഗീകരിക്കാനാവില്ലെന്നും കേരള കോണ്ഗ്രസ്-എം ഉന്നതാധികാരസമിതിയംഗം പ്രഫ. കെ.ഐ. ആന്റണി, കർഷക യൂണിയൻ-എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, സംസ്ഥാന സ്റ്റിയറിംഗ്കമ്മിറ്റിയംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ എന്നിവർ വ്യക്തമാക്കി.
1961-62 കാലയളവിൽ സംസ്ഥാന സർക്കാർ റബർ പ്ലാന്റേഷൻ പദ്ധതിപ്രകാരം മൂന്നരയേക്കർ വീതം വിതരണം ചെയ്തിരുന്നു. പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തിലെ കർഷകരായ അൽഫോൻസ ചൂരക്കുഴി, ശിവൻ പുളിക്കൽ എന്നിവരെ വനംവകുപ്പ് ഓഫീസിൽ തടയുകയും പണിയായുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത് അപലപനീയമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ ഇവിടെ നടത്തുന്ന പ്രവർത്തനങ്ങളെയും തടസപ്പെടുത്താനാണ് വനംവകുപ്പധികൃതർ ശ്രമിക്കുന്നത്.
വനംവകുപ്പിന്റെ നടപടികൾക്കെതിരേ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകുമെന്നും നേതാക്കൾ പറഞ്ഞു.