മന്ത്രി റോഷി അഗസ്റ്റിൻ അടയാളക്കല്ല് സന്ദർശിച്ചു
1278594
Saturday, March 18, 2023 10:19 PM IST
കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ കടുവാസാന്നിധ്യമുണ്ടായ അടയാളക്കല്ല് പ്രദേശം മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. ഹൈറേഞ്ച് മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ പെട്ടെന്ന് എത്തിപ്പെടാനുള്ള ഫോറസ്റ്റ് ഫോഴ്സിന്റെ അപര്യാപ്തതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനു പരിഹാരം കാണുമെന്നും കൂടു സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
രണ്ടു ദിവസമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ഇവിടെ വനംവകുപ്പ് നിരീക്ഷണ കാമറയും സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലം സന്ദർശിച്ചത്.
വന്യമൃഗത്തെ നേരിട്ടു കണ്ട പ്രദേശവാസികളോടും പ്രദേശത്ത് നിരീക്ഷണം നടത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരോടും മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജനങ്ങൾ ജാഗരൂകരാകണമെന്നും എന്നാൽ, അനാവശ്യ ഭീതി പടർത്താൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു. നെടുകണ്ടം മഞ്ഞപ്പാറ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയെന്നതു ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചൻ വെള്ളക്കട, ഗ്രാമപഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.