വാത്തിക്കുടിയിൽ വീണ്ടും പുലിസാന്നിധ്യം
1278596
Saturday, March 18, 2023 10:19 PM IST
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ വിവിധ മേഖലകളിൽ വീണ്ടും പുലിയുടെ സാന്നിധ്യം. മുരിക്കാശേരി സേനാപതിയിൽ പുലിയെ കണ്ടതായി ഓലിക്കൽ വിഷ്ണു നാരായണൻ പറഞ്ഞു. തോപ്രാംകുടി സ്കൂൾസിറ്റിയിൽ കടുവയുടേതിനു സാമ്യമുള്ള കാൽപ്പാടുകളും കണ്ടെത്തി.
ഹൈറേഞ്ച് മേഖലയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം തുടർക്കഥയാവുകയാണ്. കഴിഞ്ഞ എട്ടു ദിവസമായി വാത്തിക്കുടി മേഖലകളിൽ പുലിയുടേതിനു സാമ്യമുള്ള കാൽപ്പാടുകൾ കാണുകയും നിരവധി ആളുകൾ പുലിയെ നേരിട്ടു കാണുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുരിക്കാശേരി സേനാപതിയിൽ പുലിയെ കണ്ടത്. രാത്രി ഒൻപതോടെ ഓലിക്കൽ വിഷ്ണു നാരായണൻ വീട്ടിലേക്കു വരുന്ന വഴി വീടിന് സമീപത്താണ് പുലിയെ കണ്ടത്. ഉടൻതന്നെ വിഷ്ണു പ്രദേശവാസികളെ വിവരം അറിയിക്കുകയും സ്ഥലത്ത് പരിശോധന നടത്തുകയും വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തുകയും ചെയ്തു. സംഭവസ്ഥലത്ത് വനംവകുപ്പ് അധികൃതർ സന്ദർശനം നടത്തി.
തോപ്രാംകുടി സ്കൂൾസിറ്റി മേഖലകളിലും വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് തുണ്ടിയിൽ വിജയന്റെ വീടിനോടു ചേർന്ന് കടുവയുടേതിനു സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയത്.
വന്യജീവികളുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ ആശങ്കയിലാണ് പ്രദേശവാസികൾ. മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണ കോ-ഓർഡിനേഷൻ അംഗം കെ. ബുൾ ബേന്ദ്രൻ സ്ഥലത്തെത്തി കാൽപ്പാടുകളുടെ പക്ക് മാർക്ക് രേഖപ്പെടുത്തി.